NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പാനൂര്‍: കണ്ണൂരിലെ പാനൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരാളെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷഫാദ് (20) ആണ് മരിച്ചത്. കല്ലിക്കണ്ടി എന്‍ എ എം കോളജ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ഷഫാദിനൊപ്പം ഒഴുക്കില്‍പ്പെട്ട കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെയും മയ്മൂനത്തിന്റെയും മകന്‍ സിനാന്‍ (20)നെ കണ്ടെത്താനായിട്ടില്ല.[www.malabarflash.com]


വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധമായിട്ടുണ്ട്.

പരിസര പ്രദേശത്തെ അഞ്ച് കുട്ടികള്‍ കുളിക്കാന്‍ പുഴയില്‍ എത്തിയതായിരുന്നു. ഇതിനിടയില്‍
മുഹമ്മദ് ഷഫാദ് ഒഴുക്കില്‍പ്പെട്ടതു കണ്ട് സിനാന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. രണ്ട് പേരും മുങ്ങിപ്പോകുന്നത് കണ്ട് കൂടെയുള്ളവര്‍ ഒച്ച വെച്ചെങ്കിലും മഴ കാരണം സമീപവാസികള്‍ കേട്ടില്ല. കുറച്ചു സമയത്തിനു ശേഷം എത്തിയ നാട്ടുകാരും പോലീസും അഗ്നിശമന സേനയും നടത്തിയ ഏറെ നേരത്തെ തിരച്ചിലിലാണ് ഷഫാദിനെ കണ്ടെത്തിയത്.

Post a Comment

0 Comments