ഉദുമ: പാലക്കുന്ന് കഴകത്തിലെ പെടുന്ന ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മാർച്ച് 28 മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു. പാലക്കുന്ന് കഴകത്തിൽ ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയിൽ പെടുന്ന ഈ തറവാട്ടിൽ 38 വർഷം മുൻപ് നടത്തേണ്ടിയിരുന്ന തെയ്യംകെട്ട് ഉത്സവമാണ് 2024ൽ നടത്താൻ ഇപ്പോൾ തീരുമാനിച്ചത്.[www.malabarflash.com]
പിലിക്കോട് തമ്പാൻ പണിക്കരുടെ നേതൃത്വത്തിൽ നടന്ന രാശി ചിന്തയ്ക്ക് ശേഷം തറവാട് തിരുമുറ്റത്ത് ചേർന്ന ആഘോഷ കമ്മിറ്റി രൂപീകരണ പൊതുയോഗം സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, ബാലകൃഷ്ണൻ നമ്പ്യാർ പെരലടുക്കം, മാലിങ്കൻ മുന്നാട്, തറവാട് പ്രസിഡന്റ് ടി. ദാമോദരൻ, ജന.സെക്രട്ടറി സുധാകരൻ പള്ളിക്കര, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ് കെ.വി. രാഘവൻ, വൈ. പ്രസിഡന്റ് ഗിരീഷ്ബാബു എന്നിവർ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികൾ: ഉദയമംഗലം സുകുമാരൻ (ചെയർമാൻ), പി. കെ. രാജേന്ദ്രനാഥ്(വർകിംഗ് ചെയ.), കെ. ആർ.കുഞ്ഞിരാമൻ (ജന.കൺവീനർ), വി.വി. മോഹനൻ(ഖജാൻജി), പി. സുധാകരൻ (വർക്കിംഗ് കോർഡിനേറ്റർ).
തെയ്യംകെട്ടിന് മുന്നോടിയായി ഫെബ്രുവരി 21ന് കൂവം അളക്കും. മാർച്ച് 28 ന് കലവറ നിറയ്‌ക്കലും 29ന് തെയ്യംകൂടലും .30 ന് കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ, 31ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ ചൂട്ടൊപ്പിക്കലും തുടർന്ന് മറപിളർക്കലോടെ സമാപിക്കും .
0 Comments