NEWS UPDATE

6/recent/ticker-posts

പുതിയ ഫീച്ചര്‍ പുറത്തിറങ്ങാനൊരുങ്ങി വാട്‌സ്ആപ്പ്; വീഡിയോകള്‍ ഇനി എച്ച്ഡി മികവോടെ

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി മറ്റൊരു പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. വാട്‌സ്ആപ്പിന്റെ പോരായ്മകളില്‍ ഒന്നാണ് അയക്കുന്ന വീഡിയോകളുടെ ക്വാളിറ്റി കുറവ്. ഈ പ്രശ്‌നത്തിനൊരു പരിഹാരം ഉണ്ടാക്കുകയാണ് വാട്‌സ്ആപ്പ്. വൈകാതെ തന്നെ വാട്‌സ്ആപ്പിലൂടെ ഉയര്‍ന്ന ക്വാളിറ്റിയില്‍ വീഡിയോകള്‍ അയക്കാന്‍ സാധിക്കും.[www.malabarflash.com]


ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്ഡി വീഡിയോകള്‍ അയയ്ക്കാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. നിലവില്‍ ഈ സവിശേഷത പരീക്ഷിക്കുകയാണ്. നിലവില്‍ ബീറ്റാ ഘട്ടത്തിലാണെങ്കിലും, തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. എച്ച്ഡി ഫോട്ടോകള്‍ അയക്കാനുള്ള ഫീച്ചര്‍ കുറച്ച് കാലം മുമ്പാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് സമാനമായിട്ടാണ് പുതിയ എച്ച്ഡി വീഡിയോകള്‍ അയക്കാനുള്ള ഫീച്ചറും വരുന്നത്.

വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്ന വെബ്‌സൈറ്റായ വാബെറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹൈ ക്വാളിറ്റി വീഡിയോകള്‍ അയക്കാന്‍ സഹായിക്കുന്ന അപ്ഡേറ്റ് ചെയ്ത വാട്‌സ്ആപ്പ് പതിപ്പില്‍ ആപ്പിന്റെ ഡ്രോയിങ് എഡിറ്ററില്‍ ഒരു എച്ച്ഡി എന്ന ബട്ടണ്‍ ഉണ്ടായിരിക്കും. ഈ ബട്ടണ്‍ ഉപയോഗിച്ചാണ് മികച്ച ക്വാളിറ്റിയില്‍ തന്നെ വീഡിയോകള്‍ അയക്കേണ്ടത്. അതായത് നിങ്ങള്‍ വീഡിയോ അയയ്ക്കുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കള്‍ക്ക് രണ്ട് വീഡിയോ ക്വാളിറ്റി സെറ്റിങ്‌സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ്, എച്ച്ഡി എന്നിവയാണ് ഈ ഓപ്ഷനുകള്‍.

ഡാറ്റ ഉപയോഗവും സ്റ്റോറേജ് സ്‌പേസ് ഉപയോഗിക്കുന്നതും കുറയ്ക്കാനായി വാട്‌സ്ആപ്പ് ഡിഫോള്‍ട്ടായി വീഡിയോകള്‍ കംപ്രസ് ചെയ്യുന്നു. എന്നിരുന്നാലും എച്ച്ഡി ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ക്വാളിറ്റിയില്‍ തന്നെ വീഡിയോകള്‍ അയയ്ക്കാന്‍ സാധിക്കും. എങ്കിലും ഈ വീഡിയോകള്‍ ചെറുതായി കംപ്രസ് ചെയ്താണ് അയക്കുന്നത്. യഥാര്‍ത്ഥ ക്വാളിറ്റി നിലനിര്‍ത്താനായേക്കില്ലെങ്കിലും എച്ച്ഡി ക്വാളിറ്റിയില്‍ തന്നെ വീഡിയോ അയക്കാന്‍ സാധിക്കും എന്നത് മികച്ചൊരു സവിശേഷത തന്നെയാണ്.

Post a Comment

0 Comments