ബീജിങ്ങ്: ജീവനുള്ള പാമ്പുകളെ ബ്രായ്ക്കുള്ളിൽവെച്ച് കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽവെച്ച് പിടിയിലായി. ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലാണ് സംഭവം. യുവതിയുടെ നടത്തത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥർ അവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിലാണ് പാമ്പിനെ കടത്തുന്ന വിവരം പുറത്തായത്.[www.malabarflash.com]
യുവതിയുടെ ശരീരപ്രകൃതത്തിലെ അസ്വാഭാവികതയും നടത്തത്തിലെ പന്തികേടുമാണ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്താൻ കാരണം. വനിതാ ഉദ്യോഗസ്ഥർ നടത്തിയ ശരീരപരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്.
ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പാമ്പുകളെ കണ്ടെത്തിയത്. ജീവനുള്ള പാമ്പുകളായിരുന്നു യുവതി കടത്താൻ ശ്രമിച്ചത്. എന്നാൽ വലുപ്പം കുറഞ്ഞതും വിഷമില്ലാത്തതുമായ കോൺ സ്നേക്കേഴ്സ് വിഭാഗത്തിൽപ്പെട്ട പാമ്പുകളെയാണ് യുവതി കടത്താൻ ശ്രമിച്ചത്.
യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. കോൺ സ്നേകേഴ്സ് അഥവ റെഡ് റാറ്റ് പാമ്പുകൾ എന്നറിയപ്പെടുന്ന പാമ്പുകളാണിത്. ചൈനയിൽ വീട്ടിൽ വളർത്തുന്ന ഈ പാമ്പുകൾ സൗമ്യമായ സ്വഭാവത്തിനും തിളക്കമുള്ള നിറങ്ങൾക്കും പേരുകേട്ടതാണ്.
ചൈനീസ് മൃഗസ്നേഹികൾക്കിടയിൽ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇനം പാമ്പുകളാണിത്. 2021ലെ റിപ്പോർട്ട് പ്രകാരം ചൈനയിലെ ദശലക്ഷക്കണക്കിന് വളർത്തുമൃഗ ഉടമകളിൽ 5.8 ശതമാനവും ഇഴജന്തുക്കളെ ശേഖരിക്കുകയും വളർത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം വിദേശത്തുനിന്ന് അനുമതിയില്ലാതെ ഇത്തരം ജന്തുക്കളെ കൊണ്ടുവരുന്നതിന് ചൈനയിലെ കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം കർശന വിലക്കുണ്ട്. അഞ്ച് കോൺ സ്നേക്കേഴ്സ് പാമ്പുകളെ കടത്തിക്കൊണ്ടുവന്നതിനേക്കാൾ അത് ചെയ്ത രീതിയാണ് സോഷ്യൽ മീഡിയയിൽവൈറലായത്. നിരവധി രസകരമായ കമന്‍റുകളും ട്രോളുകളാണ് ചൈനീസ് സോഷ്യൽമീഡിയയായ വീചാറ്റിൽ നിറയുന്നത്.
കഴിഞ്ഞ മാസം, 112 നിൻടെൻഡോ സ്വിച്ച് ഗെയിം കാർഡുകൾ ഷൂസിനുള്ളിൽ ഒളിപ്പിച്ച ഒരാളെ ഇതേ വിമാനത്താവളത്തിൽവെച്ച് പിടികൂടിയിരുന്നു. ജനുവരിയിൽ, ഒരു സ്ത്രീ “വിചിത്രമായ” രീതിയിൽ നടക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ 2,415 എൽഎസ്ഡി കാർഡുകൾ ഒളിപ്പിച്ചതായി കണ്ടെത്തി.
0 Comments