കോട്ടയം: കോട്ടയം പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബുക്കാന റോഡില്‍ മലേപ്പറമ്പില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്.[www.malabarflash.com]
മേരിക്കുട്ടിയ്‌ക്കൊപ്പം നിന്നിരുന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു മേരിക്കുട്ടിയും ഷേര്‍ളിയും സ്മിതയും. ഇവര്‍ക്കിടയിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. സ്മിതയും ഷേര്‍ളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്‍ക്ഷണം മരണം സംഭവിച്ചു.
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
0 Comments