സൂററ്റ്: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. കൊലപാതകത്തിനു ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ‘ദൃശ്യം’ സിനിമ കണ്ടതായും യുവതിയുടെ വെളിപ്പെടുത്തൽ.[www.malabarflash.com]
കൊലപാതകത്തിനു ശേഷം സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായാണ് യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഈ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസിന് ആദ്യഘട്ടത്തിൽ കൊലപാതകത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. കാണാനില്ലെന്ന പരാതിയിൽ യുവതിയിലേക്ക് തന്നെ സംശയങ്ങൾ നീണ്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സൂററ്റിലെ ഡിണ്ടോലി ഏരിയയിലെ നിർമാണ തൊഴിലാളിയായ നയന മാണ്ടവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. രണ്ടര വയസ്സുള്ള മകൻ വീർ മാണ്ടവിയെ കാണാനില്ലെന്ന പരാതിയുമായാണ് യുവതി ആദ്യം സ്റ്റേഷനിലെത്തിയത്. താൻ ജോലി ചെയ്യുന്ന നിർമാണ സ്ഥലത്തു നിന്നും കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി.
എന്നാൽ ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കുഞ്ഞിനെ ആരെങ്കിലും കൊണ്ടുപോയതായോ കുഞ്ഞ് തനിയെ പുറത്തു പോയതായോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സംശയം നയനയിലേക്ക് തിരിഞ്ഞത്. തുടർന്ന് വീണ്ടും ചോദ്യം ചെയ്തെങ്കിലും നയന പല ഉത്തരങ്ങൾ നൽകി പോലീസിനെ കബളിപ്പിച്ചു കൊണ്ടിരുന്നു.
നിർമാണ സ്ഥലത്ത് പോലീസ് നായയെ അടക്കം കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. സൂററ്റിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയായ തന്റെ കാമുകൻ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാകാം എന്നും നയന പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് ജാർഖണ്ഡിൽ നയന പറഞ്ഞയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഒരിക്കൽ പോലും സൂററ്റിൽ വന്നിട്ടില്ലെന്ന് കണ്ടെത്തി.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന്റെ തെളിവൊന്നും ലഭിക്കാതായതതോടെ സംശയങ്ങൾ വീണ്ടും നയനയിലേക്ക് തന്നെ തിരിഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിന് വിധേയയാക്കിയപ്പോഴാണ് മകനെ കൊന്ന കാര്യം നയന വെളിപ്പെടുത്തിയത്. എന്നാൽ കുഞ്ഞിന്റെ മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്നതിലും നയന പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. കുഞ്ഞിനെ ഒരിടത്ത് കുഴിച്ചിട്ടെന്നായിരുന്നു ആദ്യം നൽകിയ മൊഴി. ഈ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് കുളത്തിൽ ഉപേക്ഷിച്ചതായി പറഞ്ഞു. കുളത്തിലും പോലീസ് അരിച്ചു പെറുക്കിയെങ്കിലും മൃതദേഹം കിട്ടിയില്ല.
ഒടുവിലാണ് താൻ ജോലി ചെയ്യുന്ന നിർമാണ സ്ഥലത്തു തന്നെയാണ് മകന്റെ മൃതശരീരം മറവ് ചെയ്തതെന്ന് നയന തുറന്നു പറഞ്ഞത്. നിർമാണ സ്ഥലത്ത് ശൗചാലയത്തിനായി നിർമിച്ച കുഴിയിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. ഇവിടെ നിന്നും കുഞ്ഞിന്റെ ബോഡിയും പോലീസ് കണ്ടെത്തി.
ജാർഖണ്ഡ‍് സ്വദേശിയായ നയന ഇവിടെയുള്ള ഒരാളുമായി പ്രണയത്തിലായിരുന്നു. കുഞ്ഞുള്ളതിനാൽ തന്നെ സ്വീകരിക്കാൻ കാമുകൻ തയ്യാറല്ല എന്ന് പറഞ്ഞതോടെയാണ് സ്വന്തം മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് നയന പോലീസിനോട് സമ്മതിച്ചു.
കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാൻ ദൃശ്യം സിനിമ കണ്ടതായും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
0 Comments