NEWS UPDATE

6/recent/ticker-posts

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ 16 കാരിയും കാമുകനും ചേർന്ന് കൊന്നു; അരുംകൊല ഒരു മാസത്തെ ആസൂത്രണത്തിനു ശേഷം

തേനി: പ്രണയബന്ധം എതിര്‍ത്തതിന് തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെണ്‍കുട്ടി, കാമുകന്‍, മറ്റ് രണ്ടുപേര്‍ എന്നിവരെ പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തു.[www.malabarflash.com]


അരിവാളുകൊണ്ട് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയെക്കൂടാതെ മുത്തുകാമാച്ചി (23), പെരിയകുളം സ്വദേശി എം. സെല്‍വകുമാര്‍(23), തേനിയിലെ ലക്ഷ്മിപുരം സ്വദേശി കണ്ണപ്പന്‍(21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മധുരൈയിലെ ജുവൈനല്‍ ഹോമിലേക്ക് തിങ്കളാഴ്ച അയച്ചു.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കാര്‍ ഡ്രൈവറായ മുത്തുകാമാച്ചിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. പിതാവിനെക്കൂടാതെ, അമ്മയും എട്ടുവയസ്സുള്ള സഹോദരനുമാണ് പെണ്‍കുട്ടിക്കുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് അവളെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയും ബന്ധുവിന്റെ വീട്ടിലാക്കുകയും ചെയ്തു.

പിതാവിനെ കൊലപ്പെടുത്തുന്നതിന് പെണ്‍കുട്ടി ഒരു മാസത്തോളം ആസൂത്രണം ചെയ്തതായി പോലീസ് പറഞ്ഞു. ബന്ധുവിന്റെ വീട്ടിലാക്കിയതിന് ശേഷവും പെണ്‍കുട്ടിയും മുത്തുകാമാച്ചിയും പ്രണയം തുടര്‍ന്നിരുന്നു. ഇതറിഞ്ഞ പിതാവ് മുത്തുകാമാച്ചിയുടെ കാറിന്റെ ഉടമയെക്കാണുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്താന്‍ കാമുകനൊപ്പം പദ്ധതി തയ്യാറാക്കുകയായിരുന്നു. 

മുത്തുകാമാച്ചിയുടെ രണ്ട് സുഹൃത്തുക്കളുടെ സഹായവും അവര്‍ തേടിയതായി പോലീസ് പറഞ്ഞു. മുത്തുകാമാച്ചിയുടെ സുഹൃത്തുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ പെണ്‍കുട്ടി വാഗ്ദാനം ചെയ്തു. നേരത്തെ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. ഈ തുക കൊണ്ട് മുത്തുകാമാച്ചി മോട്ടോര്‍സൈക്കിളും വാങ്ങിയിരുന്നു.

പദ്ധതി പ്രകാരം, പെണ്‍കുട്ടി തന്റെ പ്രവര്‍ത്തികള്‍ക്ക് പിതാവിനോട് ക്ഷമാപണം നടത്തി. മകളുടെ വാക്കുകള്‍ വിശ്വസിച്ച പിതാവ് അവളെ കഴിഞ്ഞയാഴ്ച വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും സ്‌കൂളിലേക്ക് വീണ്ടും പറഞ്ഞയക്കുകയും ചെയ്തു. സാധനം വാങ്ങുന്നതിന് പുറത്തേക്ക് പിതാവ് പോയ വിവരം പെണ്‍കുട്ടി മുത്തുകാമാച്ചിയെ വിളിച്ചറിയിച്ചു. മോട്ടോര്‍സൈക്കിളില്‍ യാത്ര തിരിച്ച ഇയാളെ മുത്തുകാമാച്ചിയും സംഘവും ചേര്‍ന്ന് വണ്ടിയില്‍നിന്ന് തട്ടിയിട്ടശേഷം അരിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് ഇവര്‍ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ ആദ്യം തേനിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

മരിച്ചയാളുടെ ശരീരത്തിലുള്ള ആഴമേറിയ മുറിവുകളും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നത് സംഭവം കൊലപാതകമാണെന്നാണെന്ന് തേനി പോലീസ് സൂപ്രണ്ട് ഡോണ്‍ഗ്രി പ്രവീണ്‍ ഉമേഷ് പറഞ്ഞു. തുടക്കത്തില്‍ കൊലപാതകം ചെയ്തവരെക്കുറിച്ചോ കൃത്യത്തിനുപിന്നിലെ കാരണത്തെക്കുറിച്ചോ പോലീസിന് അറിവുണ്ടായിരുന്നില്ല. പിന്നീട് ഉപേക്ഷിച്ച നിലയില്‍ മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. മുത്തുകാമാച്ചിയുടെ മൊഴിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments