NEWS UPDATE

6/recent/ticker-posts

അമിതമായി വെള്ളം കുടിച്ച 35കാരി മരിച്ചു; മരണകാരണം ഹൈപോനാട്രേമിയ

അമിതമായ അളവിൽ വെള്ളംകുടിച്ച 35കാരി ഹൈപോനാട്രേമിയ എന്ന ആരോഗ്യപ്രശ്നത്തെ തുടർന്ന് മരിച്ചു. ഇന്ത്യാന സ്വദേശിയായ ആഷ്ലി സമ്മേഴ്സ്(35) ആണ് മരിച്ചത്. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ലേക്ക് ഫ്രീമാനിൽ അവധി ആഘോഷത്തിനിടെയാണ് ആഷ്ലി സമ്മേഴ്സ് രോഗബാധിതയായി ആശുപത്രിയിലായത്. പെട്ടെന്നുണ്ടായ ദാഹത്തെ തുടർന്ന് നാല് കുപ്പി വെള്ളമാണ് ആഷ്ലി സമ്മേഴ്സ് കുടിച്ചത്. വെറും 20 മിനിട്ടിനിടെ ഇവർ 1.89 ലിറ്റർ വെള്ളം കുടിച്ചതായാണ് റിപ്പോർട്ട്.[www.malabarflash.com]


വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ആഷ്ലി സമ്മേഴ്സ് കുഴഞ്ഞുവീണു. അബോധാവസ്ഥയിൽ അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അവർ മരണപ്പെടുകയായിരുന്നു.

അമിതജലപാനത്തെ തുടർന്ന് ഉണ്ടാകുന്ന ഹൈപോനാട്രേമിയ ആരോഗ്യപ്രശ്നമാണ് ആഷ്ലിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർ ബ്ലേ ഫ്രോബെർഗ് പറഞ്ഞു. രക്തത്തിലെ സോഡിയത്തിന്‍റെ അളവ് അസാധാരണമാംവിധം താഴുന്നതാണ് ഹൈപോനാട്രേമിയ.

അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ജലവിഷബാധ, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില ഘട്ടത്തിൽ ഇവ അതീവ ഗുരുതരമായി മാറിയേക്കാം. അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുന്നതിനെ ഹൈപ്പോനാട്രീമിയ എന്നാണ് വിളിക്കുന്നത്.

ശരീരത്തിന് ദ്രാവക ബാലൻസ്, രക്തസമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും അതുപോലെ ഞരമ്പുകൾ, പേശികൾ എന്നിവയുടെ പ്രവർത്തനത്തിനും സോഡിയം ആവശ്യമാണ്. സാധാരണ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 മുതൽ 145 മില്ലിക്വിവലന്റ്/ലിറ്റർ (mEq/L) ആണ്. സോഡിയത്തിൻറെ അളവ് കുറയാതിരിക്കാൻ ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുകയാണ് വേണ്ടത്.

ശരീരത്തിൽ സോഡിയത്തിന്‍റെ അളവ് കുറയുന്നതിന്‍റെ ലക്ഷണങ്ങൾ ഇവയാണ്, ഓക്കാനം, തലവേദന, ക്ഷീണം, കുറഞ്ഞ രക്തസമ്മർദ്ദം, ഊർജ്ജ നഷ്ടം, പേശി ബലഹീനതയും മലബന്ധവും, കോച്ചിപിടിത്തം.

മരണശേഷം ആഷ്ലിയുടെ അവയവങ്ങൾ അഞ്ച് പേർക്കായി ദാനം ചെയ്തു. നേരത്തെ തന്നെ അവയവദാനത്തിനുള്ള സമ്മതപത്രം ആഷ്ലി നൽകിയിരുന്നു.

Post a Comment

0 Comments