NEWS UPDATE

6/recent/ticker-posts

ഇര്‍പ്പം കയറി പൊളിഞ്ഞ് വീഴാറായ മതില്‍ വില്പനയ്ക്ക്; വില 41 ലക്ഷം രൂപ

ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണിത്. തകർന്ന മതിൽ 41 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരു അമേരിക്കക്കാരനെ കുറിച്ചാണ് വാർത്ത.[www.malabarflash.com] 

വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അമേരിക്കയിലെ വാഷിംഗ്ടണ്‍, ജോർജ്ജ്ടൗൺ ഏരിയയിലാണ് ഈ മതിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു വസ്തുവിന്‍റെ ശരാശരി വില 13 കോടിയിൽ കുറയാതെയാണ്.

കെല്ലർ വില്യംസ് ക്യാപിറ്റൽ പ്രോപ്പർട്ടീസ് സൈറ്റിലാണ് 50,000 ഡോളറിന്, അതായത് 41 ലക്ഷം രൂപയ്ക്ക് വസ്തു വിൽപ്പനയ്ക്ക് വെച്ചത്. സത്യത്തിൽ ആ പരസ്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം അത് തെല്ലൊന്നുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. 

ഒരു പഴയ വീടിനോട് ചേർന്ന് നിൽക്കുന്ന മതിലിന്‍റെ ചിത്രം വിൽപ്പനയ്ക്കായി പരസ്യം ചെയ്തപ്പോൾ പലരും കരുതിയത് വീട് അടക്കമുള്ള വസ്തുവിനാണ് 41 ലക്ഷം രൂപ എന്നായിരുന്നു. അത് പലരെയും മോഹിപ്പിച്ചു. കാരണം കോടികൾ വിലമതിക്കുന്ന സ്ഥലത്താണ് വെറും 41 ലക്ഷം രൂപയ്ക്ക് ഒരു വസ്തു ലഭിക്കാൻ പോകുന്നത്. പരസ്യം കണ്ട് പലരും വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. പക്ഷേ അപ്പോഴാണ് തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്ന് പലരും തിരിച്ചറിഞ്ഞത്. കാരണം വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നത് പൊട്ടി പൊളിഞ്ഞ ഒരു മതിൽ മാത്രമാണ്. അതിന്‍റെ വിലയാണ് 41 ലക്ഷം രൂപ.

റിപ്പോർട്ടുകൾ അനുസരിച്ച് അലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ആ മതിൽ. എന്നാൽ ഈർപ്പം ഇറങ്ങിയതിനെ തുടർന്ന് തകർന്നുവീഴാറായ അവസ്ഥയിലാണ് അതിപ്പോൾ. പക്ഷേ മതിൽ പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു നടപടികളും അലൻ സ്വീകരിച്ചില്ല. അപ്പോൾ അലന്‍റെ അയൽക്കാരൻ ആ മതിൽ വാങ്ങിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. 600 ഡോളർ ആയിരുന്നു അദ്ദേഹം മതിലിന്‍റെ വിലയായി വാഗ്ദാനം ചെയ്തത്. 

എന്നാൽ അലൻ ആ തുകയ്ക്ക് മതിൽ വിൽക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല വസ്തു പരസ്യ സൈറ്റിൽ 41 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഏതായാലും ഇതുവരെയും ആരും ആ മതിൽ വാങ്ങാൻ തയ്യാറായി മുന്നോട്ട് വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Post a Comment

0 Comments