NEWS UPDATE

6/recent/ticker-posts

നഗ്നരായി കാണാം; മാന്ത്രിക കണ്ണാടി തട്ടിപ്പിൽ 72-കാരന് നഷ്ടം 9 ലക്ഷം, മൂന്നുപേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: 'മാന്ത്രിക കണ്ണാടി' വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഒമ്പതുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ പാര്‍ഥ സിങ്‌റോയ്, മൊലായ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരെയാണ് ഒഡീഷയിലെ നയാപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

'മാന്ത്രിക കണ്ണാടി'യുടെ പേരില്‍ ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ 72-കാരനില്‍നിന്ന് ഒമ്പതുലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

കാന്‍പുര്‍ സ്വദേശിയായ അവിനാശ് കുമാര്‍ ശുക്ല ഒരുസുഹൃത്ത് വഴിയാണ് തട്ടിപ്പുസംഘത്തെ പരിചയപ്പെടുന്നത്. പുരാവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സിങ്കപ്പൂര്‍ കമ്പനിയുടെ ജീവനക്കാരെന്ന വ്യാജേനയാണ് ഇവര്‍ അവിനാശിനെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് തങ്ങളുടെ കൈവശം 'മാന്ത്രിക കണ്ണാടി'യുണ്ടെന്നും രണ്ടുകോടി രൂപയ്ക്ക് ഇവ വില്‍ക്കാമെന്നും അറിയിച്ചത്.

ആളുകളെ നഗ്നരായി കാണാനും ഭാവി പ്രവചിക്കുവാനും കഴിയുന്ന കണ്ണാടിയാണിതെന്നായിരുന്നു പ്രതികളുടെ അവകാശവാദം. അമേരിക്കയില്‍ 'നാസ'യിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഇത്തരം കണ്ണാടി ഉപയോഗിക്കുന്നുണ്ടെന്നും പ്രതികള്‍ പറഞ്ഞിരുന്നു. പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ഇവരില്‍നിന്ന് നേരത്തെ കണ്ണാടി വാങ്ങിയവരെന്ന വ്യാജേന ചിലരെ ഫോണില്‍ ബന്ധപ്പെടുത്തിനല്‍കുകയും ചെയ്തു.

പ്രതികളുടെ അവകാശവാദങ്ങള്‍ കേട്ട പരാതിക്കാരന്‍ ഒമ്പത് ലക്ഷം രൂപയാണ് കണ്ണാടിക്ക് വേണ്ടി ആദ്യം അയച്ചുനല്‍കിയത്. പിന്നാലെ കണ്ണാടി വാങ്ങാനായി അവിനാശിനോട് ഭുവനേശ്വറിലെ ഹോട്ടലിലേക്ക് വരാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ അവിനാശ് നേരത്തെ നല്‍കിയ പണം തിരികെ ചോദിച്ചു. പ്രതികള്‍ ഇതിന് തയ്യാറാകാതിരുന്നതോടെ ഇദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു.

തട്ടിപ്പുസംഘത്തില്‍നിന്ന് 28,000 രൂപയും ഒരുകാറും അഞ്ച് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി മുദ്രപത്രങ്ങളും 'മാന്ത്രിക കണ്ണാടി'യുടെ വീഡിയോകളും ഇവരില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Post a Comment

0 Comments