പാരമ്പര്യത്തിന്റെ പതിവ് തെറ്റാതെ കർക്കടകം 16 ന് രാവിലെ കുട്ടിത്തെയ്യങ്ങൾ ആട്ടം തുടങ്ങി.ചിങ്ങ സംക്രമം വരെ ഇത് തുടരും. ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ കർക്കടകം ആദ്യം തന്നെ 'ആടിവേടൻ' ആട്ടം തുടങ്ങുന്നുണ്ട്. മലയൻ സമുദായക്കാർ പരമശിവ സങ്കല്പത്തിൽ 'വേട'നും വണ്ണാന്മാർ പാർവതി രൂപത്തിൽ 'ആടി'യും നൽക്കത്തായക്കാർ 'ഗളിഞ്ച'നും കെട്ടിയാടും. ബാലന്മാരാണ് കോലം ധരിക്കുന്നത്. ചെണ്ടക്കാരനും പാട്ടുകാരനും സഹായികളുമായി ചിലരും തെയ്യത്തെ അനുഗമിക്കും .
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലും അതാത് ദേശത്തിന്റെ അവകാശികൾ കോലം ധരിച്ച് ചൊവ്വാഴ്ച ആട്ടത്തിന് തുടക്കമിട്ടു. തുടർന്ന് മറ്റു ക്ഷേത്രങ്ങളിലും അനുഷ്ഠാന ഇടങ്ങളിലും അവരവരുടെ അവകാശ പരിധിയിലെ വീടുകളിലും ചുവട് വെച്ച് ആടും.ആട്ടം തീരുന്നത്തോടെ അതാത് തെയ്യങ്ങൾക്ക് കിണ്ണത്തിൽ ഗുരിസി കലക്കി ഉഴിഞ്ഞു മറിക്കും.
കുട്ടിതെയ്യങ്ങൾ ആടിക്കളിക്കുന്നതോടെ വീടുകളിൽ നിന്ന് ആദിയും വ്യാധിയും അകറ്റി ഐശ്വര്യവും സമൃദ്ധിയും ചൊരിയുമെന്നാണ് സങ്കല്പം. പണമോ ധാന്യങ്ങളോ നൽകിയാണ് തെയ്യങ്ങളെ യാത്രയാക്കുന്നത്.
0 Comments