തിരൂർ: ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പോലീസ് പിടികൂടിയത്.[www.malabarflash.com]
കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള കാമറയും പോലീസ് കണ്ടെടുത്തു.
തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ കെ.വി. വിപിൻ, സി.പി.ഒമാരായ ധനീഷ് കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments