NEWS UPDATE

6/recent/ticker-posts

സാറ്റലൈറ്റില്‍ നിന്ന് ഇന്റര്‍നെറ്റ്; മസ്കിന്റെ സ്റ്റാർലിങ്ക് ഉടൻ, മത്സരിക്കാൻ ജിയോ

ഇന്റര്‍നെറ്റ് സേവനം എത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ ഒരുങ്ങുന്നു. കേബിളുകളിലൂടെയും മൊബൈല്‍ ടവറുകളിലൂടെയുമല്ലാതെ, മൂന്നു കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍ നല്‍കി തുടങ്ങിയേക്കും.[www.malabarflash.com] 

സ്‌പെയ്‌സ്എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ബ്രോഡ്ബന്‍ഡ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇതിനു വേണ്ട ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സ് നേടാനായി 2021ല്‍ത്തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരുന്ന സെപ്റ്റംബര്‍ 20ന് യോഗം ചേരാനാണ് ഇരിക്കുന്നത്. സ്റ്റാര്‍ലിങ്ക് അടക്കമുള്ള കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമോ എന്ന കാര്യത്തില്‍ ഉടൻ തീരുമാനമെടുത്തേക്കുമെന്ന് കരുതുന്നു.

സ്റ്റാർലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനായി കമ്പനി 2021ല്‍ സബ്‌സ്‌ക്രിപ്ഷന്‍ വരെ സ്വീകരിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് നേടാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ (ഡോട്ട്) മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിന്റെ വിഡിയോ കോളിങ് സംവിധാനമായ സ്‌കൈപ് രാജ്യത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ പിന്നെ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന് അധികാരികള്‍ചൂണ്ടിക്കാട്ടി.

ഒരു കമ്പനിയും ലൈസന്‍സ് നേടാതെ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് ഇഷ്ടമില്ലെന്നു പറഞ്ഞാണ് സ്റ്റാര്‍ലിങ്കിനെതിരെ ഉദ്യോഗസ്ഥര്‍ രംഗത്തു വന്നത്. അതേതുടര്‍ന്ന് തങ്ങളുടെ സേവനത്തിന് വരിസംഖ്യ അടച്ചവരുടെ പണം തിരിച്ചുകൊടുക്കുകയായിരുന്നു, 2000 ലേറെ ലോ എര്‍ത്ഓര്‍ബിറ്റ് സാറ്റലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റാര്‍ലിങ്ക്.

സ്റ്റാര്‍ലിങ്ക് അടക്കം മൊത്തം മൂന്നു കമ്പനികളാണ് ജിഎംപിസിഎസ് ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നത്. റിലയന്‍സിന്റെ സാറ്റലൈറ്റ് വിഭാഗമായ ജിയോ സ്‌പെയ്‌സ് ടെക്‌നോളജി, എയര്‍ടെല്ലിന്റെ പിന്തുണയുള്ള വണ്‍വെബ് എന്നിവയും ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ ഡോട്ടില്‍ നിന്ന് സാറ്റലൈറ്റ് സ്‌പെക്ട്രവും സ്വന്തമാക്കിയ ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുക.

ഈ മൂന്നു വമ്പന്‍ കമ്പനികളും ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വര്‍ഷിച്ചു തുടങ്ങിയാലും അത് ഇപ്പോള്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന് വെല്ലുവിളിയാകാന്‍ കാലതാമസം എടുത്തേക്കും. നിലവിലെ ബ്രോഡ്ബാന്‍ഡിനെക്കാള്‍ പല മടങ്ങ് പണം നല്‍കിയാലാണ്ഇതിന് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കുക. അതേസമയം, കേബിള്‍ സേവനം എത്താന്‍ സാധിക്കാത്ത ഗ്രാമീണ മേഖലയ്ക്ക് ഇതാണ് ഉത്തമം താനും.

സ്റ്റാര്‍ലിങ്ക് 2021ല്‍ പ്രതിമാസം 7000ലേറെ രൂപയായിരുന്നു വരിസംഖ്യയായി വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. ചില പ്രത്യേകതരം ഉപയോക്താക്കള്‍ക്കല്ലാതെ ആര്‍ക്കും അത് പരിഗണിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു. എന്നാല്‍, മറ്റു സേവനങ്ങളുടെ കാര്യത്തിലെന്നവണ്ണം ഭാവിയില്‍ വരിസംഖ്യ കുറയുകയും സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്‌തേക്കാം.

Post a Comment

0 Comments