NEWS UPDATE

6/recent/ticker-posts

കാർഷിക സമൃദ്ധിയുടെ ഗതകാല സ്മരണ പുതുക്കി ക്ഷേത്രങ്ങളിൽ നിറയും നിറപുത്തരിയും

പാലക്കുന്ന്: കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് കേരളീയരുടെ ജീവിതം രൂപപ്പെടുന്നുവെന്ന ഓർമയിൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും കഴകങ്ങളിലും തറവാടുകളിലും ഉത്രാടം നാളിൽ 'നിറകെട്ടൽ' ചടങ്ങ് നടന്നു. ഇതോടനുബന്ധിച്ച് നിറപുത്തരിയും ഉണ്ടാകും.[www.malabarflash.com]

പാലക്കുന്ന് അടക്കം ചില ക്ഷേത്രങ്ങളിൽ തുലാമാസത്തിലെ പത്താമുദയത്തിനാണ് പുത്തരി വിളമ്പുക. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ അടുത്ത മാസം 7 നാണ് പുത്തരി. ഇവിടെ നിറ കർക്കടകത്തിലായിരുന്നു. മറ്റിടങ്ങളിൽ ചിങ്ങത്തിലെ ഉത്രാടം മുതൽ നെൽക്കതിരിന്റെ ലഭ്യതയും മുഹൂർത്തവും നോക്കി നിറകെട്ടലിന്
തീയതി കുറിക്കും. 

ആദ്യം കൊയ്തെടുക്കുന്ന നെൽകതിരാണ് നിറയ്ക്ക് പ്രധാനം. നെൽക്കതിരിന് പുറമെ നാൽപ്പാമരത്തിൽ പെട്ട ഔഷധ സസ്യങ്ങളായ അത്തി, ഇത്തി, ആല്, അരയാൽ എന്നിവയും പ്ലാവ്, മാവ്, വട്ടയില, നെല്ലി, മുള, തുളസി എന്നിവയും പൊലിവള്ളിയും ചേർത്ത് വാഴയിലയിൽ ചുരുട്ടി തെങ്ങോലയുടെ മടലിലെ പുറം തോല് (പാന്തം) കൊണ്ട് കെട്ടിയ ശേഷം ക്ഷേത്രങ്ങളിലും കഴകങ്ങളിലും തറവാടുകളിലും നിശ്ചിത വിശേഷ ഇടങ്ങളിൽ ബന്ധിക്കുന്നതാണ് ചടങ്ങ്. അടുത്ത നിറയ്ക്കൽ വരെ ഇവ അതാതിടങ്ങളിൽ ഉണ്ടായിരിക്കും.

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ പ്രഭാത പൂജയ്ക്ക് ശേഷം നിറപുത്തരിക്ക് തുടക്കം കുറിച്ചു. മേൽശാന്തി നവീൻ ചന്ദ്ര കായർത്തായ കാർമികത്വം വഹിച്ചു. അണിഞ്ഞ കയിൽ തറവാട് അംഗമാണ് ഇവിടെ നിറക്കാവശ്യമായ നെൽകതിരുകൾ എത്തിച്ചത്. പൂജിച്ച നെൽകതിരുകൾ വീടുകളിലേക്ക് കൊണ്ടുപോകാൻ നിരവധി പേർ ക്ഷേത്രത്തിലെത്തി. പുത്തരിയുടെ ഭാഗമായി ഭക്തർക്ക് പായസ പ്രസാദവും നൽകി.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ ശ്രീകോവിലിന്റെ തിരുമുറ്റത്ത് നിറകോപ്പുകൾക്ക് വലം വെച്ച് കലശാട്ട് കർമങ്ങൾക്ക് ശേഷം ആചാരസ്ഥാനികർ നിറകെട്ടൽ ചടങ്ങ് നടത്തി . ലഭ്യതയനുസരിച്ച് ചടങ്ങിനെത്തിയ ഭക്തന്മാർ വീടുകളിലും കൊണ്ടുപോയി നിറകെട്ടി. പാരമ്പര്യമായി അതിനായി നിയോഗിതരായ അവകാശികൾ ഇവിടെ കോപ്പുകൾ എത്തിച്ചു.

അരവത്ത് മട്ടേങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ നിറ ഉത്സവത്തിന് പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി നേതൃത്വം നൽകി. സ്ഥാനികരായ കൃഷ്ണൻ മുത്തായർ, സുകുമാരൻ മുത്തായർ, ബാലൻ മുത്തായർ, പ്രസിഡന്റ്‌ കെ. ശിവരാമൻ മേസ്ത്രി എന്നിവർ നേതൃത്വം നൽകി.

കരുവാക്കോട് രാജരാജേശ്വരി ക്ഷേത്രത്തിൽ നിറപുത്തരി നടന്നു. . നെൽകതിരുകൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ദേവിക്ക് മുന്നിൽ പൂജിച്ച ശേഷം ഭക്തർക്ക് വീടുകളിൽ സൂക്ഷിക്കുന്നതിനും പ്രസാദമായി നൽകി. മേൽശാന്തി ഉമേശനും , കീഴ്ശാന്തി ചേതനും നേതൃത്വം നൽകി. ആദ്യമായാണ് ക്ഷേത്രത്തിൽ ഈ ചടങ്ങ് നടക്കുന്നത്.

Post a Comment

0 Comments