NEWS UPDATE

6/recent/ticker-posts

ഒരു ജോടി കാളകളെ വിറ്റത് ഒരു കോടി രൂപക്ക്; ഉടമസ്ഥനടക്കം അമ്പരപ്പ്

തെലങ്കാനയിലെ ഹുസൂർനഗറിൽ ഒരു ജോടി ഓംഗോൾ കാളകളെ (Ongole bulls) വിറ്റത് ഒരു കോടി രൂപക്ക്. ഹൈദരാബാദിലെ പോലീസ് സൂപ്രണ്ട് (എഎസ്പി) കൂടിയായ സുങ്കി സുരേന്ദർ റെഡ്ഡി തന്റെ ഫാമിൽ വളർത്തിയിരുന്ന കാളകളാണ് വൻ തുകയ്ക്ക് വിറ്റുപോയത്.[www.malabarflash.com]

കാളയോട്ടവും വെയ്റ്റ് പുള്ളിങ്ങും ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന കാളകളെ ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ സജ്ജ സതീഷ് എന്നയാളാണ് ഒരു കോടി രൂപ നേരിട്ടു പണമായി നൽകി സ്വന്തമാക്കിയത്. ഭീമുഡു, അർജ്ജുനുഡു എന്നിങ്ങനെയാണ് ഈ കാളകളുടെ പേര്.

മത്സരങ്ങളിൽ പങ്കെടുക്കുന്ന കാളകളെ വളർത്തുന്നവർ അവയ്‌ക്കുള്ള തീറ്റ ഉൾപ്പെടെ പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയ്ക്ക് മൽസരങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക പരിശീലനവും നൽകും. ഈ കാളകൾക്കു നൽകുന്ന കാലിത്തീറ്റയിൽ മില്ലറ്റ്, പയർ, ഈന്തപ്പഴം, ഉണങ്ങിയ തേങ്ങ എന്നിവയെല്ലാം ചേർക്കാറുണ്ട്. മത്സര സീസണിൽ ഓരോ ജോഡി ഓംഗോൾ കാളകൾക്കും 20,000 മുതൽ 25,000 രൂപ വരെ ചെലവാക്കേണ്ടി വരും.

ഓരോ ജോഡിക്കും ഒരു പരിശീലകൻ വീതം ഉണ്ടായിരിക്കും. ഇതു കൂടാതെ ഏഴോളം കോച്ചുകൾ വിവിധ വിഭാഗങ്ങളിലായി പ്രത്യേകം പരിശീലനം നൽകും. ഒരു ജോഡിക്ക് അതിന്റെ വലിപ്പമനുസരിച്ച് മത്സരത്തിൽ പങ്കെടുക്കാം. ഒരു കാളക്കുട്ടിക്ക് 10 യാർഡ് ഓട്ടമത്സരത്തിലാണ് പങ്കെടുക്കാൻ സാധിക്കുക. മുതിർന്ന ജോഡികൾക്ക് 200 മുതൽ 250 മീറ്റർ വരെയുള്ള മത്സരങ്ങളിലും പങ്കെടുക്കാം. വെയ്റ്റ് പുള്ളിങ്ങ് (weight-pulling) മൽസരത്തിൽ ഒരു ജോഡി, ഒരു ക്വിന്റൽ വലിപ്പമുള്ള പാറയാണ് വലിക്കേണ്ടത്.

വിജയികൾക്ക് ഒരു ലക്ഷം മുതൽ, 80,000 രൂപ വരെ സമ്മാനമായി ലഭിക്കും. ”കുട്ടിക്കാലം മുതൽ എനിക്ക് കന്നുകാലി വളർത്തൽ വളരെയധികം ഇഷ്ടമായിരുന്നു. അന്ന് ഞങ്ങൾ 100 മുതൽ 125 ഓളം ഏക്കറിൽ വരെ കൃഷി ചെയ്തിരുന്നു. ഇതോടൊപ്പം 12 മുതൽ 15 വരെ ജോഡി ഓംഗോൾ കാളകളെയും ഞങ്ങൾ വളർത്തി. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് പശു വളർത്തലിൽ കൂടുതൽ താൽപര്യം തോന്നിയത്”, സുങ്കി സുരേന്ദർ റെഡ്ഡി ന്യൂസ് 18-നോട് പറഞ്ഞു.

”കന്നുകാലി വളർത്തൽ ഒരു ഹരം തന്നെയാണ്. കാളകളും പശുക്കളും പശുക്കിടാക്കളും എല്ലാമായി വേറൊരു ലോകത്താണെന്ന് നമ്മൾ എന്നു പോലും തോന്നിയേക്കാം. ഇപ്പോൾ ഞാൻ നാല് ജോഡി കാളകളെ വളർത്തുന്നുണ്ട്. ഒരു ജോടി കാളകളെ ഒരു കോടി രൂപയ്ക്കാണ് ഇപ്പോൾ ഒരാൾ വാങ്ങിയത്. അയാൾ അവയെ ഇനിയും മത്സരങ്ങളിൽ പങ്കെടുപ്പിക്കും. കാള വിപണിയിൽ ആദ്യമായി ഇത്രയും വലിയ തുക ലഭിച്ചതിൽ ഞാൻ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി” സുരേന്ദർ റെഡ്ഡി കൂട്ടിച്ചേർത്തു.

Post a Comment

0 Comments