NEWS UPDATE

6/recent/ticker-posts

കൺമുന്നിൽ മക്കൾ മുങ്ങിത്താഴ്ന്നു, സ്തബ്ധനായി പിതാവ്: നോവായി സഹോദരിമാരുടെ വേർപാട്

മണ്ണാർക്കാട്: കൺമുന്നിൽ മക്കൾ ജീവനുവേണ്ടി പിടയുന്നതിനിടെ അപകടത്തിന്റെ ആഘാതത്തിൽ സ്തബ്ധനായി പിതാവ്. ഓണാഘോഷങ്ങൾക്കിടെയാണ് മണ്ണാർക്കാടിനു സഹോദരങ്ങളുടെ വേർപാട് നോവായത്. മൂവരും ഓണം ആഘോഷങ്ങളുടെ ഭാഗമായി സ്വന്തം വീട്ടിൽ ഒത്തുകൂടിയതായിരുന്നു. അതിനിടെയായിരുന്നു ബുധനാഴ്ച ഉച്ചയോടെ അപകടം.[www.malabarflash.com]

പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനുമായാണ് മൂന്നു പെൺമക്കളും കോട്ടോപ്പാടത്ത് കുളത്തിലെത്തിയത്. ഇവരുടെ സഹോദരൻ വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നൽകിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാൽ പിതാവാണു വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെൺമക്കൾ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.

സഹോദരിമാരിൽ ഒരാൾ കുളത്തിലേക്കു തെന്നി വീണപ്പോൾ ബാക്കിയുള്ളവർ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് വിലയിരുത്തുന്നത്. മക്കൾ കൺമുന്നിൽ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥിത്തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവർ പറഞ്ഞതനുസരിച്ചായിരുന്നു രക്ഷാപ്രവർത്തനം. മൂവരേയും വളരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നാഷിദ, റമീഷ എന്നിവർ വിവാഹിതരാണ്. ഇരുവരും ഓണത്തോടനുബന്ധിച്ചാണു വീട്ടിലെത്തിയത്. ഒന്നരയേക്കറോളമുള്ള കുളത്തിലായിരുന്നു അപകടം. ജനവാസം കുറഞ്ഞ മേഖലയായതും അപകടവിവരം പുറത്ത് അറിയാൻ വൈകിപ്പിച്ചു.

Post a Comment

0 Comments