ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് വയനാട് എംപിയായ രാഹുലിനെ ഇക്കഴിഞ്ഞ മേയ് മാസത്തിൽ അയോഗ്യനാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനേത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.[www.malabarflash.com]
134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്‌സഭാ അംഗത്വം തിരിച്ച് കിട്ടുന്നത്. അയോഗ്യത മാറിയതോടെ ഇന്നുതന്നെ രാഹുല്‍ പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഭയില്‍ രാഹുലിന്റെ സാന്നിധ്യമുണ്ടാകും.
ഡിജിറ്റല്‍ ഒപ്പുള്ള സുപ്രീംകോടതിയുടെ സര്‍ട്ടിഫൈഡ് വിധിപ്പകര്‍പ്പുള്‍പ്പെടെയുള്ള അപേക്ഷ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം നേരിട്ട് കൈമാറിയിരുന്നു.
രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. 'രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടത് സ്വാഗതാര്‍ഹമായ നടപടിയാണ്. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വയനാടിന് ആശ്വാസം നല്‍കുന്നു. ഭരണത്തില്‍ ഇനി ബാക്കിയുള്ള സമയം, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പകരം യഥാര്‍ത്ഥ ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ബിജെപിയും മോദി സര്‍ക്കാരും അത് പ്രയോജനപ്പെടുത്തണം', കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
0 Comments