NEWS UPDATE

6/recent/ticker-posts

ധന്യ നായകിന്‍റെ നേതൃത്വത്തിൽ മണൽവേട്ട; കോടി രൂപയുടെ മണൽ പിടിച്ചെടുത്തു

മംഗളൂരു: ജില്ല ഭരണകൂടവും പോലീസും കൈവെക്കാത്ത മണൽ ലോബിക്ക് അപ്രതീക്ഷിത ആഘാതമായി മംഗളൂരു സൗത്ത് സബ് ഡിവിഷൻ അസി. പോലീസ് കമീഷണർ ധന്യ എൻ. നായകിന്‍റെ മണൽ വേട്ട. ശനിയാഴ്ച പുലർച്ചെ അവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അനധികൃത ഖനനത്തിൽ ഏർപ്പെട്ട ജെ.സി.ബി യന്ത്രങ്ങളും മണൽ നിറച്ച 10 ടിപ്പർ ലോറികളും പിടിച്ചെടുത്തു. കോടി രൂപ വില കണക്കാക്കുന്നു.[www.malabarflash.com]


രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ കുൽദീപ് ആർ. ജയിനിന്‍റെ അനുമതിയോടെ പരിശോധന നടത്തുകയായിരുന്നു. ഉളിയബെട്ടു, ഇഡ്യ തീരങ്ങളിൽ ഖനനത്തിൽ ഏർപ്പെട്ടവരും ഡ്രൈവർമാരും ഓടി രക്ഷപ്പെട്ടു. കങ്കനാടി റൂറൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ മണൽ ലോബിക്കെതിരെ നടപടി പതിവില്ല. കോടികളുടെ വ്യാപാരം നടക്കുന്ന ഈ മേഖലയിലെ അനധികൃത ഖനനത്തിന് കൊടി നിറഭേദമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയുണ്ടെന്ന് പറയുന്നു.

ജില്ല പോലീസിനെ അറിയിക്കാതെ രാത്രി മണൽ വേട്ടക്കിറങ്ങിയ മലയാളിയായ ഉടുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ പ്രിയങ്ക മേരി ഫ്രാൻസിസ് നേരെ അക്രമത്തിന് ഇരയായിരുന്നു. മംഗളൂരുവിൽ മണൽ ലോബിയുടെ ഷെഡുകൾ തകർത്ത് നടപടി ശക്തമാക്കിയ കാസർകോടുകാരനായ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ അടൂർ ബി. ഇബ്രാഹിം വൈകാതെ സ്ഥലം മാറ്റപ്പെട്ടു.

Post a Comment

0 Comments