NEWS UPDATE

6/recent/ticker-posts

നരഹത്യാ കുറ്റം ഒഴിവാക്കാന്‍ ശ്രീറാമിന്റെ നീക്കം ആസൂത്രിതം

കോഴിക്കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ നരഹത്യാ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ നീക്കം ആസൂത്രിതം.[www.malabarflash.com]


ബഷീര്‍ കൊല്ലപ്പെട്ട നിമിഷം മുതല്‍ അധികാര ദുര്‍വിനിയോഗത്തിലൂടെയും നിയമ സംവിധാനങ്ങളെ ദുരുപയോഗിച്ചും രക്ഷപ്പെടാന്‍ നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയായിരുന്നു നരഹത്യാ കേസില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമവും.
ഒടുവില്‍ സുപ്രിം കോടതിയും ഈ നീക്കത്തിനു തടയിട്ടതോടെ ഈ ഐ എ എസ് ഉദ്യോഗസ്ഥനു വിചാരണ നേരിടുകയല്ലാതെ വഴിയില്ലാതായി.

സംഭവത്തില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകളില്ലെന്നായിരുന്നു ശ്രീറാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നരഹത്യാ കുറ്റം നിലനില്‍ക്കുമെന്നു വിധിച്ചത്.
പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായി ഹൈക്കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരം മ്യൂസിയം വെള്ളയമ്പലം റോഡില്‍ ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്.
കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗത്തിലുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്നു കുറ്റവിമുക്തനാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജിയില്‍ അഡീ. സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കി. നരഹത്യാ കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനെതിരെയായിരുന്നു ശ്രീറാം സുപ്രിം കോടതിയെ സമീപിച്ചത്.

Post a Comment

0 Comments