NEWS UPDATE

6/recent/ticker-posts

ട്രെയിനുകൾക്കുനേരെ കല്ലേറ്; ഒഡിഷ സ്വദേശി പിടിയിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനുസമീപം നേത്രാവതി, ചെന്നൈ സൂപ്പർ ഫാസ്റ്റ് ​ ട്രെയിനുകൾക്കുനേരെ കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. ഒഡിഷ ഖോർധ സ്വദേശി സർവേഷിനെയാണ് (25) കണ്ണൂർ സിറ്റി പോലീസ് കസ്​റ്റഡിയിലെടുത്തത്. 10 വർഷമായി കണ്ണൂരിൽ താമസിക്കുന്ന ഇയാൾ പെയ്ന്റിങ് തൊഴിലാളിയാണ്.[www.malabarflash.com]


സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷ സ്വദേശിയിലേക്ക് പോലീസ് എത്തിയത്. ആഗസ്റ്റ് 13ന് രാത്രി ഏഴോടെയാണ് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെ കല്ലേറുണ്ടായത്.

പാറക്കണ്ടി ഭാഗത്ത് പാളത്തിന് സമീപത്തുനിന്ന് മദ്യപിച്ച ശേഷം പ്രതി അതുവഴി കടന്നുപോയ ട്രെയിനുകൾക്ക് കല്ലെറിയുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മദ്യലഹരിയിൽ നാലുതവണ കല്ലെറിഞ്ഞു. രണ്ട് കല്ല് ട്രെയിനുകളിൽ തട്ടി. ട്രെയിനുകളുടെ എ.സി കോച്ചിന്റെ ഗ്ലാസിലാണ് കല്ല് പതിച്ചത്. സംഭവത്തിൽ അട്ടിമറിസാധ്യതയില്ലെന്ന് സിറ്റി പോലീസ് കമീഷണർ അജിത് കുമാർ പറഞ്ഞു. 

ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. ഒഡിഷയിൽ പ്രതിയുടെ നാട്ടിലും അന്വേഷണം നടത്തും. തുടർച്ചയായി കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ട്രെയിനുകൾക്കുനേരെ ക​ല്ലേറുണ്ടാകുന്നത് പോലീസിനും റെയിൽവേക്കും തലവേദനയുണ്ടാക്കിയിരുന്നു. കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ആർ.പി.എഫിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടത്തിയത്.

നേത്രാവതിക്കും ചെന്നൈ സൂപ്പർ ഫാസ്റ്റിനുംനേരെ കല്ലേറുണ്ടായ ദിവസം ട്രാക്കിന് സമീപം മദ്യലഹരിയിൽ കണ്ടെത്തിയ മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് 3.49ഓടെ തലശ്ശേരിക്കും വടകരക്കുമിടയിൽ വന്ദേഭാരത് എക്‌സ്പ്രസിനും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 13ന് രാത്രി മിനിറ്റുകളുടെ ഇടവേളയിൽ കണ്ണൂരിനും നീലേശ്വരത്തിനും ഇടയിൽ നേത്രാവതി, ചെന്നൈ സൂപ്പർ ഫാസ്റ്റ്, ഓക്ക എക്സ്പ്രസ് ട്രെയിനുകൾക്കുനേരെ ആസൂത്രിതമായാണ് കല്ലേറുണ്ടായതെന്ന സംശയത്തിലായിരുന്നു റെയിൽവേ. എന്നാൽ, കണ്ണൂരിൽ കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിലായതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായി.

നിരന്തരം ട്രെയിനുകൾക്കുനേരെ അക്രമം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് അക്രമങ്ങൾ തടയാൻ ജനകീയ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു.

Post a Comment

0 Comments