തിരുവനന്തപുരം: വിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിൽ യുവാവിന്റെ കൈ കുടുങ്ങി. പൂവാർ സ്വദേശി മനുവിന്റെ കൈയാണ് കുടുങ്ങിയത്. യന്ത്രത്തിന്റെ പൽച്ചക്രങ്ങൾക്കിടയിൽ നിന്ന് കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഡോക്ടറെത്തി കൈ മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.[www.malabarflash.com]
വിഴിഞ്ഞം കാവുവിളാകം തോട്ടിൻ കരയിലെ നടവഴിയിൽ കോൺക്രീറ്റ് ജോലിയ്ക്ക് എത്തിയ പൂവാർ തിരുപുറം അംബേദ്കർ കോളനിയിൽ പരേതനായ ഡെന്നിസന്റെയും സുശീലയുടെയും മകൻ മനു (33) ആണ് അപകടത്തിൽപ്പെട്ടത്.വ്യാഴാഴ്ച വൈകിട്ട് 5 ഓടെ യായിരുന്നു അപകടം. നഗരസഭയുടെ ഇടവഴികൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ജോലി കഴിഞ്ഞ ശേഷം കോൺക്രീറ്റ് മിക്സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. യന്ത്രം ഓഫാക്കാതെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ ചാക്ക് കുടുങ്ങി കൈ അകപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിയിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിനെയും വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി യന്ത്രംകട്ട് ചെയ്ത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടർന്ന് മനുവിന്റെ കൈ, മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റുകയായിരുന്നു. സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടർ സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷമാണ് കൈ മുറിച്ചുമാറ്റിയത്.
തുടര്‍ന്ന് മനുവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിതാവ് മരിച്ച ശേഷം രോഗിയായ അമ്മയെയും അനുജന്റെയും ഏക ആശ്രയമായിരുന്നു അവിവാഹിതനായ മനു. സൈറ്റില്‍ യന്ത്രം ഓപ്പറേറ്റ് ചെയ്തിരുന്നതും മനുവാണ്.
0 Comments