മുംബൈ: 2024 പൊതുതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രമേയം പാസ്സാക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം. സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടലിൽ ചർച്ചകൾ ഉടൻ ആരംഭിക്കും. മുന്നണിയെ നയിക്കാൻ 14 അംഗ സമിതിയെ നിയോഗിച്ചു. സമിതിയിൽ നെഹ്രു കുടുംബത്തിൽ നിന്ന് ആരും അംഗങ്ങളായില്ല.[www.malabarflash.com]
14 പ്രധാന പാർട്ടികളിൽ നിന്നായി ഓരോ പ്രതിനിധിയാണ് സമിതിയിലുള്ളത്. 14 അംഗ സമിതിയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയെ സിപിഎം പിന്നീട് അറിയിക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കെതിരെ കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്‍റെ തീരുമാനം.
കോൺഗ്രസിൽ നിന്ന് കെ സി വേണുഗോപാലും, സിപിഐയിൽ നിന്ന് ഡി രാജയും, എൻസിപിയിൽ നിന്ന് ശരദ് പവാറും, ഡിഎംകെയിൽ നിന്ന് എം കെ സ്റ്റാലിനും, ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്ന് സഞ്ജയ് റൗത്തും, ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവും, തൃണമൂലിൽ നിന്ന് അഭിഷേക് ബാനർജിയും, ജെഎംഎംൽ നിന്ന് ഹേമന്ത് സോറനും, ആം ആദ്‌മിയിൽ നിന്ന് രാഘവ് ഛദ്ദയും, എസ് പിയിൽ നിന്ന് ജാവേദ് അലി ഖാനും ജെഡിയുവില്‍ നിന്ന് ലല്ലൻ സിംഗും, നാഷണൽ കോൺഫറൻസിൽ നിന്ന് ഒമർ അബ്‌ദുള്ളയും പിഡിപിയിൽ നിന്ന് മെഹബുബ മുഫ്‌തിയുമാണ് സമിതി അംഗങ്ങൾ.
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പൊതുറാലികൾ ഉടൻ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ജുഡേഗ ഭാരത്, ജീതേഗ എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്യാംപയിനുകൾ സംഘടിപ്പിക്കാനും ധാരണയായി. മുന്നണിയുടെ ലോഗോ പിന്നീട് പുറത്തിറക്കും.
0 Comments