ഉയരത്തില്‍ ധൈര്യപൂര്‍വം നില്‍ക്കാന്‍ ഇനി ചൈനയിലും ദുബൈയിലുമൊന്നും പോകേണ്ട. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതി. സാഹസികതയുടെ പര്യായമാകാന്‍ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി തുറക്കും.[www.malabarflash.com]
ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 40 മീറ്ററാണ് പാലത്തിന്റെ നീളം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് അവസരം ഒരുങ്ങുന്നത്.
120 അടി നീളമുള്ള ചില്ലുപാലത്തില്‍ ഒരേ സമയം 15 പേര്‍ക്ക് കയറാം. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ പാലത്തില്‍ നില്‍ക്കാന്‍ അനുവദിക്കും. പ്രായഭേദെമന്യേ 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്.
സമുദ്രനിരപ്പില്‍നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റം കൂടിയാണ്. ആദ്യം, ഗ്ലാസ് പ്ലാറ്റ്‌ഫോമിലൂടെയുള്ള നടത്തം ചങ്കിടിപ്പുണ്ടാക്കും. ബ്രിഡ്ജിന്റെ ഒത്ത നടുക്കെത്തി താഴേക്ക് നോക്കിയാല്‍ ആ ചങ്കിടിപ്പ് ഒരു പക്ഷേ, ഭയപ്പാടിന് വഴിമാറിയേക്കാം. എന്നാല്‍, ഭയത്തിനപ്പുറം ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കാഴ്ചകളിലാണ് നടത്തം അവസാനിക്കുക. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളിലെ വിദൂരക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരും.
ഡി.ടി.പി.സി.യും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് പാലം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 35 ടണ്‍ സ്റ്റീല്‍ വേണ്ടിവന്നു.
0 Comments