NEWS UPDATE

6/recent/ticker-posts

മോഷ്ടിച്ചത് 500-ലേറെ കാറുകള്‍, യാത്ര വിമാനത്തില്‍; ഒടുവില്‍ വലയിലാക്കി പോലീസ്

അഹമ്മദാബാദ്: അഞ്ഞൂറിലധികം കാറുകള്‍ മോഷ്ടിച്ച അന്തസ്സംസ്ഥാന വാഹനമോഷണസംഘത്തിലെ രണ്ടുപേര്‍ ഗുജറാത്തില്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി അഷ്‌റഫ് സുല്‍ത്താന്‍ ഗാജി(32) റാഞ്ചി സ്വദേശി ഇര്‍ഫാന്‍ ഹസ്സന്‍ എന്ന പിന്റു(34) എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് പത്തുകാറുകളും പിടിച്ചെടുത്തു.[www.malabarflash.com]


ഇരുവരും ഉള്‍പ്പെട്ടസംഘം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് മൂന്നുവര്‍ഷത്തിനിടെ അഞ്ഞൂറിലധികം കാറുകളാണ് മോഷ്ടിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനം വില്‍ക്കാനായി പ്രതികളായ രണ്ടുപേരും അഹമ്മദാബാദില്‍ വരുന്നതായി പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഇവര്‍ക്കായി വലവിരിക്കുകയും കാര്‍ വില്‍പ്പനയ്ക്ക് മുന്‍പേ രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സുരക്ഷാകോഡില്‍ മാറ്റംവരുത്തിയാണ് പ്രതികള്‍ കാറുകള്‍ മോഷ്ടിച്ചിരുന്നത്. മോഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന കാറിന് സമീപം സ്വന്തം കാറിലെത്തി ലാപ്‌ടോപ് ഉപയോഗിച്ച് കാറിന്റെ സുരക്ഷാകോഡ് സ്‌കാന്‍ ചെയ്യുകയും തുടര്‍ന്ന് ഇത് മാറ്റംവരുത്തി കാര്‍ കടത്തിക്കൊണ്ടുപോവുകയുമാണ് പതിവ്. ഇത്തരത്തില്‍ മോഷ്ടിക്കുന്ന കാറുകള്‍ വില്‍ക്കാനായി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ട്. ലേലത്തില്‍ പിടിച്ച വാഹനങ്ങളാണെന്നാണ് പറഞ്ഞ് മോഷ്ടിച്ച കാറിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചാണ് വില്‍പ്പന നടത്താറുള്ളത്.

അറസ്റ്റിലായ പ്രതികളുടെ സംഘത്തിലുള്ളവരെല്ലാം രാജ്യവ്യാപകമായി കാര്‍ മോഷണം നടത്തുന്നവരാണ്. ഓരോ കാര്‍ മോഷ്ടിച്ച് വില്‍ക്കുമ്പോഴും ഇവര്‍ പ്രതികള്‍ക്ക് കമ്മിഷനായി ഒരുതുകയും നല്‍കും. ഇത്തരത്തില്‍ ലക്ഷങ്ങളാണ് രണ്ടുപേരും കൈക്കലാക്കിയിരുന്നത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നായി ഇതുവരെ അഞ്ഞൂറിലേറെ കാറുകളാണ് ഇവര്‍ മോഷ്ടിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

മോഷ്ടിക്കുന്ന വാഹനങ്ങളുടെ എന്‍ജിന്‍ നമ്പര്‍ അടക്കം മാറ്റംവരുത്തിയാണ് വില്‍പ്പന നടത്താറുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ നമ്പറാണ് ഉപയോഗിക്കുക. തുടര്‍ന്ന് ആര്‍.ടി.ഒ.യ്ക്ക് നല്കാനുള്ള എന്‍.ഒ.സി.യും ഇവര്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കും. അതേസമയം, ഒരുസംസ്ഥാനത്തുനിന്ന് മോഷ്ടിച്ച വാഹനം അതേസംസ്ഥാനത്ത് തന്നെ വില്‍ക്കാറില്ലെന്നാണ് പോലീസ് പറയുന്നത്.

വാട്‌സാപ്പ് വഴി കച്ചവടം ഉറപ്പിച്ചാല്‍ ഇടപാട് നടത്താനായി വിമാനത്തിലാണ് ഇര്‍ഫാന്‍ ഹസന്‍ വരാറുള്ളത്. വിമാനടിക്കറ്റിന്റെയും താമസത്തിന്റെയും ചെലവുകള്‍ കാര്‍ വാങ്ങുന്നവരില്‍നിന്ന് ഈടാക്കും. ഓണ്‍ലൈന്‍ വഴിയാണ് അഡ്വാന്‍സ് സ്വീകരിക്കാറുള്ളത്. എന്നാല്‍, അഡ്വാന്‍സ് നല്‍കിയ ചിലരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. അഡ്വാന്‍സ് തുക നല്‍കിയശേഷം കാര്‍ വാങ്ങിയിട്ടില്ലെങ്കിലും ഇവര്‍ക്ക് പണം തിരികെ നല്‍കാറില്ലെന്നായിരുന്നു പരാതി.

Post a Comment

0 Comments