കൊച്ചി: ആലുവ ചാത്തൻപുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്.[www.malabarflash.com]
വീട്ടിനുള്ളിൽ മറ്റുള്ളവർക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. നാട്ടുകാരുടെ അന്വേഷണത്തിൽ സമീപത്തെ പാടത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി.
ബിഹാർ സ്വദേശികളാണ് പെൺകുട്ടിയുടെ കുടുംബം. കുട്ടിയുടെ പിതാവ് ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് പോയിരുന്നു. അമ്മയും മൂന്നു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടികൾ മൂന്നുപേരും ഹാളിലും, അമ്മ അകത്തെ മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. വാതിൽ ഇവർ അകത്തുനിന്ന് പൂട്ടിയിരുന്നു. പക്ഷേ, തൊട്ടടുത്ത ജനൽ തുറന്നു കിടക്കുകയായിരുന്നു. ആ ജനൽ വഴിയാണ് പ്രതി വാതിൽ തുറന്നത്. കുട്ടിയെ എടുത്ത് പുറത്തിറങ്ങിയശേഷം വീണ്ടും വാതിൽ ജനൽവഴി വാതിൽ പൂട്ടുകയായിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാൾ മലയാളിയാണ്. പ്രതിയെ ദൃക്‌സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
ഇതിനിടെ, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ റെയിൽവേ സ്റ്റേഷനടുത്ത് ഇയാളെ കാണാറുള്ളതായി നാട്ടുകാർ പറയുന്നു. നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു.
പീഡനത്തിൽ പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.
0 Comments