NEWS UPDATE

6/recent/ticker-posts

ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയി, മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ചു; ക്വട്ടേഷന്‍സംഘം അറസ്റ്റില്‍

കോഴിക്കോട്: ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച ക്വട്ടേഷന്‍സംഘം അറസ്റ്റില്‍. നല്ലളം ഉണ്ണിശ്ശേരിക്കുന്ന് ആനറോഡ് ഇല്ലിക്കല്‍ ഷാഹുല്‍ ഹമീദ് (42), കല്ലായി ആനമാട് ചക്കുംകടവ് റഹിയാനത്ത് മന്‍സില്‍ സക്കീര്‍ (52), ഗുരുവായൂരപ്പന്‍ കോളേജ് കിണാശ്ശേരി കുളങ്ങരപ്പീടിക താന്നിക്കാട്ടുമീത്തല്‍പ്പറമ്പ് റാഷിദ് എന്ന ബാസിത് (47), പന്തീരാങ്കാവ് പുത്തൂര്‍മഠം പുറത്തൊളിക്കന്‍പറമ്പ് ഷമീര്‍ (37) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചെര്‍പ്പുളശ്ശേരി സ്വദേശി മുനീറിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലാണ് അറസ്റ്റ്.[www.malabarflash.com]


രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ചെര്‍പ്പുളശ്ശേരി സംഘത്തിലെ ചരല്‍ ഫൈസലിന്റെ സംഘത്തിലുള്ള ആസിഫ് മാസങ്ങള്‍ക്കുമുമ്പ് ഗള്‍ഫില്‍നിന്ന് കടത്തിയ സ്വര്‍ണം ഉടമയ്ക്കുനല്‍കാതെ തട്ടിയെടുത്ത് മുങ്ങിയിരുന്നു. 

ഈ സംഭവവുമായി ബന്ധപ്പെട്ട് അയാളുടെ സഹോദരീഭര്‍ത്താവിനെ ഗള്‍ഫില്‍നിന്ന് പിടികൂടി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി ആസിഫിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സഹോദരീഭര്‍ത്താവിനെ കരിപ്പൂരില്‍ എത്തിച്ച് ചെര്‍പ്പുളശ്ശേരിയിലെ വീട്ടിലേക്ക് പോകാന്‍ വാഹനവുമായി എത്താന്‍ ആസിഫിനോട് ആവശ്യപ്പെടുകയായിരുന്നു. സഹോദരി ഭര്‍ത്താവിനെ ആസിഫ് കൂട്ടാന്‍ വരുന്ന സമയം അയാളെ പിടിച്ചുകൊണ്ട് പോയി നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനായിരുന്നു പദ്ധതി. ഇതിനായി കോഴിക്കോട്ടുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

എന്നാല്‍, ആസിഫിന്റെകൂടെ ചരല്‍ ഫൈസലും മുനീറും കരിപ്പൂരിലെത്തി. മുനീര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ ആസിഫാണെന്നുകരുതി കാറില്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആക്രമിസംഘത്തെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഫൈസലിന്റെ കാറിന്റെ മുന്നിലെ ഗ്ലാസിലേക്ക് വലിയ കല്ലിട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാറെടുത്ത് ഫൈസലും ആസിഫും രക്ഷപ്പെട്ടു. മുനീറിനെ കാറില്‍വെച്ച് മര്‍ദിച്ചശേഷം ഫോട്ടോയെടുത്ത് സ്വര്‍ണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിക്ക് അയച്ചുകൊടുത്തപ്പോഴാണ് പിടികൂടിയ ആള്‍ മാറിയ വിവരം ഗുണ്ടാസംഘമറിയുന്നത്. പിന്നീട് മുനീറിനെ ആളൊഴിഞ്ഞ വഴിയില്‍ ഉപേക്ഷിച്ചു.

ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ.ഇ. ബൈജു, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ സിദ്ദിഖ്, നല്ലളം ഇന്‍സ്‌പെക്ടര്‍ കെ.എ. ബോസ്, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ.കെ. അര്‍ജുന്‍, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, നല്ലളം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം. രവീന്ദ്രന്‍, സീനിയര്‍ സി.പി.ഒ.മാരായ തഹ്‌സിം, വിനോദ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments