ആലപ്പുഴ: ചേര്‍ത്തലയില്‍ കോടതിവളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ത്തല്ലി. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭര്‍തൃസഹോദരിയും തമ്മിലാണ് കോടതിയില്‍ തമ്മിലടിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പെടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.[www.malabarflash.com]
ചേര്‍ത്തലയിലെ കോടതി വളപ്പില്‍ കഴിഞ്ഞദിവസമാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസില്‍ കുട്ടിയെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഈ തര്‍ക്കം കോടതി വളപ്പിലെ കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.
കോടതിവളപ്പില്‍ തമ്മിലടിച്ച രണ്ടുസ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനിടെ നിലത്തുവീണിട്ടും അടി തുടര്‍ന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം അയഞ്ഞില്ല. ഇതിനിടെ, കൂട്ടത്തിലുണ്ടായിരുന്ന യുവാവ് യുവതിയെ മര്‍ദിക്കുകയും നിലത്തുവീണപ്പോള്‍ മുഖത്ത് ചവിട്ടുകയുംചെയ്തു. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ വിഷയത്തില്‍ ഇടപെടാന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു.
ചേര്‍ത്തല സ്വദേശികളായ ദമ്പതിമാരുടെ വിവാഹമോചനക്കേസിലാണ് ഭാര്യയും ഭര്‍തൃസഹോദരിയും തമ്മില്‍ അടിയുണ്ടായത്. ഒന്നരവര്‍ഷത്തോളം പ്രണയിച്ചശേഷമാണ് ഇവര്‍ വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഏഴും നാലും വയസ്സുള്ള കുട്ടികളും ഉണ്ട്.
ഭര്‍ത്താവും ഭാര്യാപിതാവും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ദമ്പതിമാരുടെ വിവാഹമോചനക്കേസിലേക്ക് എത്തിയതെന്നാണ് വിവരം. വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥയിലുള്ള കടമുറികളില്‍ ഒന്ന് ഭാര്യാപിതാവിന് നല്‍കിയിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ദമ്പതിമാരുടെ വിവാഹമോചനക്കേസിലേക്ക് നീണ്ടത്. ഇതിനിടെ, ഇരുകക്ഷികളും പരസ്പരം ഒട്ടേറെ കേസുകളും നല്‍കിയിരുന്നു.
0 Comments