തിരുവനന്തപുരം: സംഘപരിവാര്‍ നേതാവും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്നു.[www.malabarflash.com]
ആര്‍എസ്എസില്‍ നിന്നാണ് മുകുന്ദന്‍ ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. ബിജെപിയുടെ കേരള കടിഞ്ഞാണ്‍ ഒരു കാലത്ത് മുകുന്ദന്റെ കൈകളിലായിരുന്നു.
കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് പരേതരായ കൃഷ്ണന്‍ നായര്‍-കല്യാണിയമ്മ എന്നിവരുടെ മകനാണ്. മണത്തല യുപി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടു മാസത്തിനുശേഷം ജയില്‍ മോചിതനായ മുകുന്ദന്‍ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ടു കാലം പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദന്‍ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
1991ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
1988 മുതല്‍ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഇടക്കാലത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന മുകുന്ദന്‍ 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തിയിരുന്നു.
0 Comments