NEWS UPDATE

6/recent/ticker-posts

കൊച്ചിയിൽ ഭാര്യയും ഭർത്താവും മക്കളും ജീവനൊടുക്കിയതിന് പിന്നിൽ വായ്പാ ആപ്പുകളെന്ന് സൂചന

കൊച്ചി: കടമക്കുടിയിൽ ഭാര്യയും ഭർത്താവും രണ്ട് മക്കളും ജീവനൊടുക്കിയതിനു പിന്നിൽ ഓൺലൈൻ വായ്പയെന്ന് സൂചന. മരിച്ച യുവതി ഓൺലൈൻ വായ്പ കെണിയിൽ അകപ്പെട്ടതായാണ് വിവരം.[www.malabarflash.com]


ഇതുസംബന്ധിച്ച തെളിവുകൾ ദമ്പതികളുടെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു. തട്ടിപ്പ് നടത്തിയവർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായാണ് പോലീസ് പറയുന്നത്. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് ലഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ (32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവർ മരിച്ചത്. മക്കളെ കഴുത്തുഞെരിച്ച്‌ കൊന്ന ശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വീട്ടിൽ നിന്നും കത്തും കണ്ടെത്തിയിരുന്നു.

വിസിറ്റിങ് വിസയിൽ വിദേശത്ത് പോയ ശിൽപ ജോലി ആകാത്തതിനെ തുടർന്ന് ഒരു മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാൻ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. നിർമാണ തൊഴിലാളിയും ആർടിസ്റ്റും ആയിരുന്നു നിജോ.

ഇന്നലെ രാവിലെ ജോലിക്ക് പോകാനായി സുഹൃത്ത് നിജോയുടെ ഫോണിൽ പലവട്ടം വിളിച്ചെങ്കിലും രണ്ട് നമ്പരുകളും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തി അന്വേഷിച്ചു. തറവാട് വീടിന്റെ മുകൾ നിലയിലാണ് നിജോയും ശിൽപയും കുട്ടികളും താമസിച്ചിരുന്നത്. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാല് പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments