NEWS UPDATE

6/recent/ticker-posts

വെറും ഏഴ് മിനിറ്റിൽ കാൻസർ ചികിൽസ; പുതിയ കണ്ടുപിടിത്തവുമായി ഇം​ഗ്ലണ്ട്

കാൻസർ ചികിത്സാ രംഗത്ത് നിര്‍ണായക കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാന്‍സര്‍ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്ന് ഇംഗ്ലണ്ട് പറയുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസാണ് (എൻഎച്ച്എസ്) ഇത് ലഭ്യമാക്കുന്നത്.[www.malabarflash.com]

ലോകത്തില്‍ തന്നെ ഇത്തരമൊരു ചികിത്സ ഇതാദ്യമാണ്. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് എൻഎച്ച്എസ് പറഞ്ഞു.

നൂറുകണക്കിന് രോഗികളെ കുത്തിവെയ്പ് സ്വീകരിക്കാൻ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചു. തൊലിക്കടിയിൽ ന‌‌ടത്തുന്ന കുത്തിവെയ്പാണിത്. നിലവിലെ അറ്റെസോലിസുമാബ് (atezolizumab) അല്ലെങ്കിൽ ടെസെൻട്രിക് (Tecentriq) രീതിയിലൂടെ രോഗികൾക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പ് വഴിയാണ് മരുന്ന് നൽകുന്നത്. ഈ ചികിൽസാ രീതി 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളാം. ചില രോഗികൾക്ക് മരുന്ന് സിരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടും ഉണ്ടായേക്കാം. ”നിലവിലെ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കുത്തിവെയ്പിന് ഏകദേശം ഏഴ് മിനിറ്റ് മാത്രമാണ് എടുക്കുന്നത്”, റോഷെ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ മെഡിക്കൽ ഡയറക്ടർ മാരിയസ് ഷോൾട്‌സ് പറഞ്ഞു.

റോഷെ കമ്പനിയായ ജെനെൻടെകാണ് പുതിയ അറ്റെസോലിസുമാബ് നിർമിച്ചത്. കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമുള്ള മരുന്നാണിത്. പുതിയ രീതിയിലൂടെ രോഗികൾക്ക് സൗകര്യ പ്രദവും വേഗത്തിലുള്ളതുമായ ചികിൽസ ലഭിക്കും. ഇതിനും പുറമെ, കൂടുതൽ രോഗികളെ ചികിത്സിക്കാൻ സമയം ലഭിക്കുമെന്നും വെസ്റ്റ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ അലക്സാണ്ടർ മാർട്ടിൻ പറഞ്ഞു. 

ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും 3,600 രോഗികള്‍ക്ക് അറ്റെസോലിസുമാബ് ചികിത്സ നല്‍കാറുണ്ട്. ഈ രോ​ഗികൾക്ക് പുതിയ രീതി ആശ്വാസമാകുമെന്നും എൻഎച്ച്എസ് അറിയിച്ചു.

Post a Comment

0 Comments