NEWS UPDATE

6/recent/ticker-posts

പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനം; കഞ്ചാവ് കേസ് പ്രതി രണ്ടാമത്തെ പോക്‌സോ കേസിലും അറസ്റ്റില്‍

പത്തനംതിട്ട: പ്രണയം നടിച്ച് പാതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഞ്ചാവ്, പോക്സോ കേസുകളിലെ പ്രതിയെ എറണാകുളത്തു നിന്ന് പത്തനംതിട്ട പോലീസ് പിടികൂടി. പന്തളം ഉളനാട് ചിറക്കരോട്ട് അനന്തു അനില്‍ (22) ആണ് അറസ്റ്റിലായത്. എറണാകുളത്ത് ഒളിവില്‍ കഴിയവെയാണ് പിടികൂടിയത്.[www.malabarflash.com]


പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ അനന്തു ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് കണ്ടെത്തിയത്. അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നിര്‍ദേശപ്രകാരം, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും അനന്തുവിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു.

കഴിഞ്ഞ വര്‍ഷം പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ് അനന്തു. മുമ്പ് ഇതേ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാള്‍ക്കെതിരെ പന്തളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. എസ് ഐ അനില്‍കുമാര്‍, എ എസ് ഐ മഞ്ചുമോള്‍, സി പി ഓമാരായ അന്‍വര്‍ഷാ, അമീഷ്, നാദിര്‍ഷാ, രഞ്ജിത്ത് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments