മലപ്പുറം: ലോക ദീർഘദൂര കുതിരയോട്ടത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്.ഇ.ഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് അഭിമാനായി മലയാളി പെൺകുട്ടി നിദ അൻജും ചേലാട്ട്. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ നിദ അൻജും മലപ്പുറം തിരൂർ സ്വദേശിയാണ്.[www.malabarflash.com]
യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 7.29 മണിക്കൂർ മാത്രം സമയമെടുത്താണ് നിദ ചാമ്പ്യൻഷിപ്പ് പൂർത്തീകരിച്ചത്. ഒരേ കുതിരയുമൊത്ത് രണ്ടു വർഷകാലയളവിൽ 120 കിലോമീറ്റർ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത ലഭിക്കുക. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്. ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ.
ഈ ചാമ്പ്യൻഷിപ്പിലെ 120 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണം. നാലുഘട്ടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ പുറത്താകും. കുതിരയുടെ കായികക്ഷമത നിലനിർത്തി നാലുഘട്ടവും പൂർത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ വലിയ വെല്ലുവിളി.
25 രാജ്യങ്ങളിൽ നിന്നമുള്ള 70 മത്സരാർത്ഥികൾ ഉൾപ്പെടുന്ന നിരക്കൊപ്പമാണ് നിദ "എപ്‌സിലോൺ സലോ" എന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോർക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി. ഹെൽമറ്റിലും ജഴ്സിയിലും ഇന്ത്യൻ പതാകയിലെ ത്രിവർണ്ണം ആലേഖനം ചെയ്താണ് നിദ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. “ദീർഘദൂര കുതിരയോട്ടം ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യനായതിൽ അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കുമെന്നും നിദ പറഞ്ഞു. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബൈയിൽ താമസിക്കുമ്പോൾ കുതിരകളുമായി കൂട്ടുകൂടിയതാണ് നിദയെ ഈ ലോക നേട്ടത്തിലേക്ക് എത്തിച്ചത്. യു.കെയിലെ ബെർമിങ്ഹാം സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയിട്ടുണ്ട് നിദ. റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടാണ് പിതാവ്. മിൻഹത്ത് അൻവർ അമീനാണ് മാതാവ്. സഹോദരി: ഡോ. ഫിദ അൻജും.
0 Comments