NEWS UPDATE

6/recent/ticker-posts

മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമില്ല -മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രായമായ മാതാപിതാക്കൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അതിൽ വീഴ്ചവരുത്തുന്ന മക്കൾക്ക് മാതാപിതാക്കളുടെ സ്വത്തിൻമേൽ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വിധിച്ചു.[www.malabarflash.com]


തിരുപ്പൂർ സ്വദേശി ഷക്കീരാബീഗം മകൻ മുഹമ്മദ് ദയാനു നൽകിയ വസ്തു തിരിച്ചെടുത്ത സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യന്റെ വിധി. മക്കൾ സംരക്ഷിച്ചില്ലെങ്കിൽ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ആധാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും അത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്ക് അധികാരമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി.

മകൻ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ തന്റെ പേരിലുണ്ടായിരുന്ന വസ്തു 2020 ഒക്ടോബറിലാണ് ഷക്കീരാബീഗം മകന് എഴുതിക്കൊടുത്തത്. എന്നാൽ, സ്വത്തു കിട്ടിയതോടെ മകൻ അവഗണിക്കാൻതുടങ്ങി. ഇതേത്തുടർന്ന് വസ്തു തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ലാഭരണകൂടത്തിന് പരാതി നൽകി. മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിനായി തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സബ് രജിസ്ട്രാർ വസ്തുക്കൈമാറ്റം റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് മുഹമ്മദ് ദയാൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സബ്‌ രജിസ്ട്രാറുടെ നടപടി ശരിവെച്ചത്.

മാതാപിതാക്കൾക്ക് ഭക്ഷണവും കിടക്കാനുള്ള ഇടവും നൽകുന്നതോടെ മക്കളുടെ കടമ അവസാനിക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവർ അന്തസ്സോടെ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുതിർന്ന പൗരൻമാർ അന്തസ്സുള്ള ജീവിതംനയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാഭരണകൂടത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments