NEWS UPDATE

6/recent/ticker-posts

പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി: ആനുകൂല്യം തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടിസ്

കണ്ണൂര്:  പിഎം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ് അയയ്ക്കുന്നത്. ആദായ നികുതി അടയ്ക്കുന്നു എന്ന കാരണം കാണിച്ചാണ് പ്രധാനമായും നടപടി തുടങ്ങിയിട്ടുള്ളത്.[www.malabarflash.com]


മലയോരത്തെ ഓരോ കൃഷിഭവൻ പരിധിയിലും 20 മുതൽ 60 പേർക്ക് വരെ ഇത് സംബന്ധിച്ചുള്ള നോട്ടിസ് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ലഭിച്ച തുക പൂർണമായി തിരിച്ചടയ്ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ആദായനികുതി എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത കർഷകർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല ഘട്ടങ്ങളായി നിരവധി പേരിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ആദ്യം തുക ലഭിച്ചവരിൽ പലർക്കും പിന്നീട് ലഭിക്കാതായ സംഭവങ്ങളും ഉണ്ട്. മാസങ്ങളായി തുക മുടങ്ങിയവരും ഉണ്ട്. അതിനിടയിലാണ് ഇപ്പോൾ വ്യാപകമായി നോട്ടിസ് നൽകി തുക തിരിച്ചു പിടിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്.

അനർഹമായി കൈപ്പറ്റിയ ആനുകൂല്യം യഥാസമയം തിരിച്ചടയ്ക്കാത്ത പക്ഷം ഭാവിയിൽ മറ്റ് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കില്ല എന്ന മുന്നറിയിപ്പും നോട്ടിസിൽ ചേർത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കാത്ത പക്ഷം റവന്യു റിക്കവറി നടത്തി ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു. നടപടി സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ബോധിപ്പിക്കാൻ 7 ദിവസത്തെ കാലാവധിയും നൽകിയിട്ടുണ്ട്.പല കർഷകരും പരാതി കൃഷി ഭവനുകളിൽ രേഖാമൂലം ബോധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

പക്ഷേ, നടപടികൾ പിൻവലിക്കുമോ എന്ന ഉറപ്പ് നൽകാൻ കൃഷി വകുപ്പിന് സാധിക്കുന്നില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കാനെന്ന പേരിലാണ് പിഎം കിസാൻ പദ്ധതി തുടങ്ങിയത്. ഓരോ പഞ്ചായത്തിലും 3000 ൽ അധികം പേർ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. വരുമാന സർട്ടിഫിക്കറ്റ് അടക്കം ചേർത്താണ് പദ്ധതിയിൽ ചേരാൻ എല്ലാവരും അപേക്ഷ നൽകിയത്. 30 സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ള ഇടത്തരം കർഷകർക്ക് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

Post a Comment

0 Comments