NEWS UPDATE

6/recent/ticker-posts

അശ്ലീല വീഡിയോ സ്വകാര്യമായി മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വിഡിയോയോ ചിത്രങ്ങളോ സ്വകാര്യമായി​ മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. അശ്ലീലത കാണുക എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു.[www.malabarflash.com]
 

റോഡരികിൽനിന്ന് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി എടുത്ത കേസ് റദ്ദാക്കികൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം, ഇത്തരം ചിത്രങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമുള്ള കുറ്റമാണെന്ന്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഇതിൽ ഐപിസി 292 വകുപ്പ് അനുസരിച്ച് നിയമനടപടി സ്വീകരിക്കാം.

ആലുവയിൽ ​വെച്ച്​ രാത്രി റോഡരികിൽനിന്ന് അശ്ലീല വിഡിയോ കാണുമ്പോൾ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഹര്‍ജിക്കാരനെ പിടികൂടുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇത് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. മറ്റാരും കാണാതെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ കാണുന്നതിൽ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകുമെന്നതിനാൽ ഇത്​ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്ന്​ കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുന്നതിലുള്ള അപകടത്തെ കുറിച്ചും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലെത്തും. ഇത് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. മൊബൈല്‍ ഫോണ്‍ വഴി വിജ്ഞാനപ്രദമായ വാര്‍ത്തകളും ദൃശ്യങ്ങളും മാതാപിതാക്കൾ കുട്ടികളെ കാണിക്കണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കാന്‍ ഒഴിവുസമയത്ത് അവർ ക്രിക്കറ്റും ഫുട്ബാളും മറ്റും കളിക്കട്ടെ. ഓൺലൈൻ മുഖേന വരുത്തുന്ന ഭക്ഷണത്തിന് പകരം കുട്ടികൾ അമ്മയുണ്ടാക്കിയ രുചികരമായ ഭക്ഷണം ആസ്വദിക്കട്ടേയെന്നും കോടതി നിര്‍ദേശിച്ചു.

Post a Comment

0 Comments