NEWS UPDATE

6/recent/ticker-posts

ഗർഭപാത്രത്തിനകത്തെ ശസ്ത്രക്രിയ വിജയം; ‘സ്‌പൈന ബൈഫിഡ’യെ അതിജീവിച്ച് കുഞ്ഞ് മർയം ജനിച്ചു

അബുദാബി: അമ്മയുടെ ഉദരത്തിൽവച്ച് ശസ്ത്രക്രിയയ്ക്കു വിധേയമായ കുഞ്ഞ് 2 മാസത്തിനുശേഷം പൂർണ ആരോഗ്യത്തോടെ പിറന്നു. കൊളംബിയൻ ദമ്പതികളുടെ കുട്ടി മർയമാണ് അതിജീവനത്തിന്റെ പുത്തൻ പ്രതീക്ഷയിലേക്കു മിഴി തുറന്നത്.[www.malabarflash.com]

നട്ടെല്ലിലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്തുവച്ചായിരുന്നു 3 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ. ഗർഭസ്ഥ ശിശുവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ഡോക്ടറായി മുംബൈ സ്വദേശിയായ മന്ദീപ് സിങ്. സങ്കീർണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വൈദഗ്ധ്യത്തിന് ഉദാഹരണം കൂടിയാണിത്.

ഗർഭാവസ്ഥയുടെ 24ാം ആഴ്ചയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശിശു 37ാം ആഴ്ചയിലാണ് ജനിച്ചത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും ആശുപത്രി വിട്ടതായും ഡോക്ടർമാർ അറിയിച്ചു. പ്രസവ സമയത്ത് ഗൈനക്കോളജിസ്റ്റ് ഡോ. ഋതു നമ്പ്യാരാണ് പരിചരിച്ചത്. ജനന സമയത്ത് കുഞ്ഞിന്റെ ഭാരം 2.46 കിലോ. രണ്ടാഴ്ച നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിനു ശേഷമാണ് ആശുപത്രി വിട്ടത്. കുടുംബം ഉടൻ കൊളംബിയയിലേക്ക് തിരിക്കും. കൊളംബിയയിലെ കോൾസാനിറ്റാസ് ക്ലിനിക്കിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തി കുഞ്ഞിന്റെ തുടർപരിചരണവും ഉറപ്പാക്കി.

എന്താണ് സ്‌പൈന ബൈഫിഡ ?

നട്ടെല്ലിന്റെ അസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്‌പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്‌ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യും. മലവിസർജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കിൽ ശരീരത്തിന്റെ കീഴ്ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും.

ഗർഭാവസ്ഥയുടെ 19-25 ആഴ്‌ചയ്‌ക്കിടയിൽ നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ നടത്തുന്ന സ്‌പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെടുത്താം. 1,000 കുട്ടികളിൽ ഒരാൾക്ക് സ്‌പൈന ബൈഫിഡ വൈകല്യം സംഭവിച്ചേക്കാമെന്നാണ് കണക്കുകൾ. 

ലോകത്ത് ഈ സങ്കീർണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങളേയുള്ളൂ. വിദേശത്ത് വൻ തുക ചെലവാകും എന്നതിനാലാണ് കൊളംബിയയിലെ ദമ്പതികൾ അബുദാബിയിൽ ചികിത്സയ്ക്ക് എത്തിയത്.

Post a Comment

0 Comments