ഹിസാർ: സഹപാഠികളുടെ കളിയാക്കലിൽ മനംനൊന്ത് ഒൻപതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്.[www.malabarflash.com]
ക്ലാസിലെ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ വദ്യാത്ഥിയെ നിരന്തരം കളിയാക്കിയിരുന്നെന്നും ഇതിൽ മനം നൊന്താണ് കുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതെന്നും കുടുംബം ആരോപിച്ചു. കുട്ടിയുടെ മുത്തച്ഛനാണ് മൃതദേഹം ആദ്യം കണ്ടത്. ഏറെ നേരമായിട്ടും പതിനാലുകാരൻ റൂമിന്‍റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
'രണ്ട് പെൺകുട്ടികൾ നിരന്തരം മകനെ അപമാനിക്കാറുണ്ടായിരുന്നു, അതിൽ അവൻ അതീവ ദുഖിതനായിരുന്നു. ഇക്കാര്യം വീട്ടിലും അധ്യാപകരെയും അറിയിച്ചിരുന്നു'വെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ വിദ്യാർത്ഥിനികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം സ്കൂളിലെ ഒരു അഥ്യാപകൻ സ്ഥിരീകരിച്ചതായി പോലീസും വ്യക്തമാക്കി.
സംഭവത്തിൽ ഒൻപതാംക്ലാസുകാരന്‍റെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണയടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ രണ്ട് സഹപാഠികൾക്കും സ്കൂൾ അധ്യാപികയ്ക്കും എതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികളെയും സ്കൂള്‍ അധികൃതരെയും ചോദ്യം ചെയ്തുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് സിംഗ് പറഞ്ഞു.
0 Comments