NEWS UPDATE

6/recent/ticker-posts

17 -കാരന് സ്ട്രോക്ക്, കൃത്യസമയത്തെത്തി ജീവൻ രക്ഷിക്കാൻ കാരണമായിത്തീർന്നത് നായ

മനുഷ്യരോട് ഏറ്റവുമധികം സ്നേഹവും കരുതലും ഒക്കെ കാണിക്കുന്ന വളർത്തുമൃ​ഗങ്ങളിൽ ഒന്നാണ് നായ. അത് തെളിയിക്കുന്ന അനേകം വാർത്തകൾ നാം ദിവസവും കാണുന്നതുമാണ്. അതുപോലെ ഒരു വാർത്തയാണ് ഇതും. ഒരു നായയുടെ കൃത്യസമയത്തുള്ള ഇടപെടൽ കാരണം ഒരു 17 -കാരന്റെ ജീവൻ രക്ഷപ്പെട്ടതാണ് വാർത്ത. അക്സെൽ എന്ന നായയാണ് കൃത്യസമയത്ത് 17 -കാരന്റെ മാതാപിതാക്കളെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചതും അവന്റെ ജീവൻ രക്ഷിക്കാൻ കാരണമായതും.[www.malabarflash.com]


weratedogs എന്ന പേജിലാണ് ഈ ഹൃദയം നിറയുന്ന കഥ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ശാന്തമായ ഒരു ശനിയാഴ്ച ദിവസം അക്സെലിന്റെ ഉടമകളായ ദമ്പതികൾ ഉറങ്ങുകയായിരുന്നു. ആ സമയത്ത് അക്സെൽ അവരുടെ കട്ടിലിലെത്തുകയും അവരെ ഉണർത്താൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്തു. ഒടുവിൽ ഉറങ്ങിക്കിടന്ന അവന്റെ ഉടമകൾ ഉണർന്നു. അവർ കരുതിയത് തന്നെയും കൂട്ടി പുറത്തുപോകാനാണ് അക്സെൽ ബഹളം വയ്ക്കുന്നത് എന്നാണ്. എന്നാൽ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പുറത്തേക്ക് പോകുന്നതിനു പകരം, അക്സെൽ ചെയ്തത് മറ്റൊന്നാണ്. ദമ്പതികളുടെ മകനായ ​ഗബ്രിയേലിന്റെ മുറിക്ക് മുന്നിൽ അവൻ അനങ്ങാതെ നിന്നു. അതോടെ ദമ്പതികൾ മുറിക്കകത്തേക്ക് കടന്നു.

ആ സമയത്ത് ​ഗബ്രിയേലിന് വ്യക്തമായി സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ വലതുവശം തളർന്നിരിക്കുകയായിരുന്നു. മകന്റെ മുറിയിലെത്തിയപ്പോൾ തന്നെ അവന്റെ അച്ഛന് എന്തോ കുഴപ്പമുള്ളതായി മനസിലായിരുന്നു. എങ്കിലും, അക്സെലിന്റെ കൃത്യമായ ഇടപെടൽ കാരണം അവർക്ക് പെട്ടെന്ന് തന്നെ മകനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചു. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞു. ​ഗബ്രിയേലിന്റെ അവസ്ഥ മെച്ചപ്പെട്ടു. അവന് എത്രയും പെട്ടെന്ന് പഴയപോലെ സ്കൂളിൽ പോകാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം. 

ഗബ്രിയേലിനെ ചികിത്സിച്ച ന്യൂറോ സർജൻ പറഞ്ഞത് ആ അവസ്ഥയിൽ അവനെ കണ്ടെത്താനും ആശുപത്രിയിലെത്തിക്കാനും മൂന്നോ നാലോ മണിക്കൂർ കൂടി കഴിഞ്ഞിരുന്നു എങ്കിൽ അവന്റെ അവസ്ഥ വളരെ മോശമായേനെ എന്നാണ്.

നിരവധിപ്പേരാണ് അക്സലിന്റെ സമയോചിതമായ ഇടപെടലിനേയും കരുതലിനേയും സ്നേഹത്തേയും പ്രശംസിച്ചത്.

Post a Comment

0 Comments