അബുദാബി: ഈ മാസം 11-ാം തീയതി ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനം തടസപ്പെടുമെന്ന പ്രചരണങ്ങള്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നും അതോറിറ്റി അറിയിച്ചു.[www.malabarflash.com]
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ മാസം 11-ാം തീയതി പരിമിതമായ സമയത്തേക്ക് ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുമെന്ന് പറയുന്നത്. ഒരു ജനപ്രിയ ചാനലിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണ്. ചാനലിലെ ജനപ്രിയ വാര്‍ത്താ പരിപാടിയിലെ ദൃശ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കൃത്രിമമാണെന്ന് അറബ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയതായും ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
2018ല്‍ സംപ്രേഷണം ചെയ്ത യഥാര്‍ത്ഥ എപ്പിസോഡ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചാരണം. വാര്‍ത്താ അവതാരകര്‍ മറ്റ് ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോയില്‍ ഇന്റര്‍നെറ്റ് തടസ്സത്തെക്കുറിച്ചുള്ള വ്യാജ ഓഡിയോ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കുന്നതിന് കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
0 Comments