NEWS UPDATE

6/recent/ticker-posts

9 വർഷം മുൻപും ഇലന്തൂരിൽ നരബലിയോ? 2014-ലെ കൊലപാതകത്തിൽ സംശയം, നരബലിക്കേസിലെ പ്രതികളെ ചോദ്യംചെയ്തു

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിക്കേസിന് ഒരാണ്ട് തികയുന്ന വേളയില്‍ ഇലന്തൂരിലെ മറ്റൊരു കൊലക്കേസിലും നരബലി സംശയിച്ച് ക്രൈംബ്രാഞ്ച്. 2014 സെപ്റ്റംബറില്‍ ഇലന്തൂരില്‍ സരോജനി എന്ന സ്ത്രീ കൊല്ലപ്പെട്ടകേസിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് സംശയങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇരട്ടനരബലിക്കേസിലെ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യംചെയ്തു. അതേസമയം, ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]


ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി ചോദ്യംചെയ്തത്. ക്രൈംബ്രാഞ്ച് തിരുവല്ല ഡിവൈ.എസ്.പി. പ്രദീഖിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.

2014 സെപ്റ്റംബര്‍ 14-നാണ് മറ്റൊരുവീട്ടില്‍ അടുക്കളജോലിക്ക് പോയ സരോജനിയെ കാണാതായത്. തുടര്‍ന്ന് പിറ്റേദിവസം ഇലന്തൂരിലെ വഴിയരികില്‍ കൊല്ലപ്പെട്ടനിലയിലാണ് സരോജനിയെ കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ ഏകദേശം ഇരുപതിലധികം മുറിവുകളുണ്ടെന്നായിരുന്നു പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍, സരോജനി എങ്ങനെ കൊല്ലപ്പെട്ടെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന ഭഗവല്‍സിങ്ങിന്റെ വീട്ടില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയാണ് സരോജനിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം നരബലിക്കേസ് ചുരുളഴിഞ്ഞതിന് പിന്നാലെ സരോജനി വധക്കേസിലും ചില സംശയങ്ങളുണ്ടായിരുന്നു. സരോജനിയുടെ മകന്‍ അടക്കമുള്ളവര്‍ ഇതേ സംശയം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം മൃതദേഹം കഴുകി വൃത്തിയാക്കി ഉപേക്ഷിച്ചെന്ന സംശയമാണ് അന്ന് പലരും ഉന്നയിച്ചിരുന്നത്. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ നനഞ്ഞ് ഒട്ടിപ്പിടിച്ചനിലയില്‍ കണ്ടെത്തിയതും ശരീരത്തില്‍ മണ്ണ് പുരണ്ടിരുന്നതുമാണ് ഈ സംശയത്തിന് കാരണമായത്. മാത്രമല്ല, ഇരട്ടനരബലിക്കേസില്‍ കൊല്ലപ്പെട്ട രണ്ടുസ്ത്രീകളും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു. 2014-ല്‍ കൊല്ലപ്പെട്ട സരോജനിയുടെ കുടുംബപശ്ചാത്തലവും സമാനമാണ്. ഈ സാഹചര്യത്തിലാണ് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ക്ക് സരോജനി വധവുമായി ബന്ധമുണ്ടോ എന്ന സംശയങ്ങളുണ്ടായത്.

Post a Comment

0 Comments