NEWS UPDATE

6/recent/ticker-posts

സ്വർണക്കണ്ണട മുതൽ സുവർണഷൂ വരെ; അഞ്ച് കിലോയോളം സ്വർണവുമായി ബീഹാറിലെ 'ഗോൾഡൻ മാൻ'


സാധാരണയായി സ്വർണത്തോട് കൂടുതൽ ഭ്രമം കണ്ടുവരാറുള്ളത് സ്ത്രീകൾക്കാണ്. സ്വർണം നിക്ഷേപമായും ആഭരണമായും വാങ്ങുന്നവർ നിരവധിയാണ്. എന്നാൽ സ്വർണത്തെ അത്രമാത്രം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളെ കുറിച്ച് ഓർത്താൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ബോളിവുഡ് ഗായകൻ ബപ്പി ലാഹിരി ആയിരിക്കും.[www.malabarflash.com]

ഇദ്ദേഹവുമായി മറ്റാരെയും താരതമ്യം ചെയ്യാൻ സാധിക്കില്ലെങ്കിലും അദ്ദേഹത്തിന് ശേഷവും സ്വർണത്തോട് ഏറെ പ്രിയമുള്ളവരും സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ട് ഒരു ഐഡന്റിറ്റി സൃഷ്ടിക്കാൻ ശ്രമിച്ചവരും നിരവധി ഉണ്ട്.

അങ്ങനെ സ്വർണ്ണം ധരിച്ചുകൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരാൾ ബീഹാറിലുമുണ്ട്. ബീഹാറിലെ ‘സ്വർണ്ണ മനുഷ്യൻ’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പട്നയിലെ ഭോജ്പൂർ ജില്ല സ്വദേശിയായ പ്രേം സിങ്ങാണ് ശരീരത്തിൽ അഞ്ച് കിലോയോളം സ്വർണ്ണം ധരിച്ച് നടക്കുന്നത്. ഇയാൾ ധരിക്കുന്ന തലപ്പാവിലും കണ്ണടയിലും ഫോണിലും ഷൂസിലും എല്ലാം തന്നെ സ്വർണ്ണത്തിന്റെ സാന്നിധ്യം നമുക്ക് കാണാം. അതുകൊണ്ടാണ് ആളുകൾ പ്രേം സിങ്ങിനെ സ്വർണ മനുഷ്യൻ എന്ന് വിളിക്കുന്നത്.

ഇത്തരത്തിൽ വ്യത്യസ്തമായി നടക്കുന്നതുകൊണ്ട് തന്നെ പ്രേം പോകുന്ന സ്ഥലങ്ങളിൽ എല്ലാം ഇദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാൻ നിരവധി ആളുകളും എത്താറുണ്ട്. ചെറുപ്പം മുതൽ തന്നെ തനിക്ക് സ്വർണത്തോട് വലിയ പ്രിയമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാൽ അന്ന് ചെറിയ രീതിയിൽ മാത്രമേ സ്വർണ്ണം ധരിക്കാറുണ്ടായിരുന്നുള്ളൂ എന്നും ആറു വർഷം മുൻപാണ് ഇത്തരത്തിൽ സ്വർണ്ണത്തോട് വലിയ രീതിയിലുള്ള താല്പര്യം തോന്നി ഇങ്ങനെ നടക്കാൻ ആരംഭിച്ചതെന്നും പ്രേം സിംഗ് വെളിപ്പെടുത്തി.

ആദ്യമൊക്കെ 5.2 കിലോയോളം വരെ സ്വർണം ഇദ്ദേഹം ശരീരത്തിൽ ധരിക്കാറുണ്ടായിരുന്നു. ഏകദേശം ഒന്നരക്കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുള്ളത് . അതേസമയം വെറും 50 ഗ്രാമിൽ നിന്നാണ് താൻ സ്വർണ സമ്പാദ്യം ആരംഭിച്ചു തുടങ്ങിയതെന്ന് കരാറുകാരനും ഭൂവുടമയുമായ പ്രേം പറയുന്നു.

നിലവിൽ ബീഹാറിലെ ആദ്യ സ്വർണമനുഷ്യനും രാജ്യത്തെ രണ്ടാമത്തെ സ്വർണമനുഷ്യനും താനെണെന്നും സിംഗ് അവകാശപ്പെടുന്നു. 7- 8 കിലോയോളം സ്വർണം ധരിക്കുന്ന മറ്റൊരാളാണ് ആദ്യ സ്ഥാനം നേടിയെടുത്തത്. അതിനാൽ 8 കിലോ സ്വർണ്ണം എന്ന കണക്ക് മറികടക്കാനുള്ള ശ്രമത്തിൽ കൂടിയാണ് ഇദ്ദേഹം അതേസമയം തന്റെ സമ്പാദ്യത്തിന്റെ മുഴുവൻ ഭാഗവും സ്വർണ്ണത്തിനായാണ് ചെലവഴിക്കുന്നതെന്നും പ്രേം തുറന്നു പറഞ്ഞു.

കൂടാതെ സത്യസന്ധമായ ജോലിയിലൂടെ മാത്രമാണ് താൻ ഈ സ്വർണം എല്ലാം സമ്പാദിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ടെന്നും അതിനാൽ ആദായനികുതിയെയോ ഏതെങ്കിലും ഏജൻസിയെയോ ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത്രയധികം സ്വർണം ധരിച്ച് നടക്കുന്നതുകൊണ്ട് തന്നെ വ്യക്തിഗത സുരക്ഷയ്ക്കായി 4 അംഗരക്ഷകരെയും ഇദ്ദേഹം ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments