NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറം സ്വദേശി മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.[www.malabarflash.com]


ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.

ചൊവ്വാഴ്ച അര്‍ധരാത്രി കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരായ താമസക്കാരായിരുന്നു.

റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എന്‍ എം സി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു.

Post a Comment

0 Comments