NEWS UPDATE

6/recent/ticker-posts

ദുബൈ ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി കൂടി മരിച്ചു, മരണം രണ്ടായി

ദുബൈ: കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാണ് മരിച്ചത്. 24 വയസായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.[www.malabarflash.com]


ദുബൈ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് നിധിൻദാസിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദർശക വിസയിൽ ദുബൈയിലെത്തിയ നിധിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്.

ചൊവ്വാഴ്ച അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലായിരുന്നു അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ നിധിൻ ദാസ് ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരം ആയിരുന്നു.

ഷാനിൽ, നഹീൽ എന്നിവരാണ് സരമായി പരിക്കേറ്റ മറ്റുള്ളവർ. ഇവർ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. എൻ എം സി ആശുപത്രിയിൽ അഞ്ചുപേരും ചികിത്സയിൽ ഉണ്ട്. ഇവരുടെ പരിക്ക് ഗുരുതരം അല്ലെന്നാണ് വിവരം. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്ലർ താമസക്കാരായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റവരിൽ കൂടുതൽ പേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു.

Post a Comment

0 Comments