മംഗളൂരു: ഭൂമിയുടേയും സ്വത്തുക്കളുടേയും രജിസ്ട്രേഷൻ വേളയിൽ സമർപ്പിക്കുന്ന വ്യക്തിവിവരങ്ങൾ ചോർത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന സംഘത്തെ കർണാടക പോലീസ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ബിഹാർ സുപാഉൽ ജില്ലയിലെ ദീപക് കുമാർ ഹെബ്രാൻ(33),അരാറിയ ജില്ലക്കാരായ വിവേക് കുമാർ ബിശ്വാസ് (24),മദൻ കുമാർ (23) എന്നിവരെയാണ് സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മംഗളൂരുവിൽ ആറ് മാസത്തിനിടെ രജിസ്റ്റർ ചെയ്ത 10 പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ആധാറിലെ വിവരങ്ങൾ, വിരലടയാളം എന്നിവ കർണാടക വസ്തു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ നിന്ന് ചോർത്തിയാണ് വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത്. ഇത് ഉപയോഗിച്ച് എ.ഇ.പി.എസ് ( ആധാർ എനേബ്ൾഡ് പേമന്റ് സിസ്റ്റം) വഴിയാണ് ബന്ധപ്പെട്ട ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചത്.
10 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 3,60,242 രൂപ സംഘം പിൻവലിച്ചതായി അന്വേഷണത്തിൽ അറിവായി. മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കർണാടകയിലെ 1000 ത്തിലേറെ വസ്തു രജിസ്ട്രേഷനുകളുടെയും ആന്ധ്രപ്രദേശിലെ 300 ലേറെ രജിസ്ട്രേഷനുകളുടേയും വിവരങ്ങൾ അടങ്ങിയ പി.ഡി.എഫ് ഫയലുകൾ മൊബൈൽ ഫോണുകളിൽ കണ്ടെത്തി. വിദഗ്ധ പരിശോധന നടത്തും.
0 Comments