NEWS UPDATE

6/recent/ticker-posts

പ്രവാസികൾ ശ്രദ്ധിക്കുക! ബാഗേജുകളിൽ അച്ചാറും നെയ്യുമടക്കം പറ്റില്ല, നിരോധനമുള്ള വസ്തുക്കളുടെ ലിസ്റ്റ്

അബുദാബി: ബിസിനസ്,ടൂറിസം, തൊഴില്‍ ആവശ്യങ്ങള്‍ക്കായി നിരവധി ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഇന്ത്യ-യുഎഇ കോറിഡോര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പലരും ബാഗില്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്.[www.malabarflash.com]

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. ഉത്സവ സീസണ്‍ അടുത്തുവരുന്നതിനാല്‍ സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കുമെന്നത് കൂടി പരിഗണിച്ചാണ് ഈ നടപടി.

ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ നിരോധിക്കപ്പെട്ട സാധനങ്ങള്‍ കൊണ്ടുപോകുന്നതിനാല്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ബാഗേജ് നിരസിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഉണങ്ങിയ തേങ്ങ (കൊപ്ര), പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ചെക്ക് ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്ന നിരോധിത വസ്തുക്കളില്‍ ചിലതെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. 

ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്പ്രേ ബോട്ടിലുകള്‍ എന്നിവയും ബാഗേജില്‍ കാണപ്പെടാറുണ്ട്. സ്‌ഫോടനത്തിന് സാധ്യതയുള്ളതിനാല്‍ ഈ വസ്തുക്കള്‍ അപകടങ്ങളുടെ തീവ്രത ഉയര്‍ത്തുന്നു.

കഴിഞ്ഞ വര്‍ഷം ഒരു മാസത്തില്‍ മാത്രം യാത്രക്കാരുടെ ചെക്ക് ഇന്‍ ബാഗില്‍ നിന്ന് 943 ഉണങ്ങിയ തേങ്ങകള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ഉണങ്ങിയ തേങ്ങയില്‍ കൂടുതല്‍ അളവില്‍ എണ്ണ അടങ്ങിയിരിക്കുന്നതിനാല്‍ തീപിടിത്തത്തിന് കാരണമായേക്കാം. ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാര്‍ച്ചില്‍ ഇത് നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

ആകെ സ്‌ക്രീൻ ചെയ്‌ത ബാഗുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നിരസിക്കപ്പെട്ട ചെക്ക്-ഇൻ ബാഗുകളുടെ അനുപാതം 2022 ഡിസംബറിലെ 0.31 ശതമാനത്തിൽ നിന്ന് മേയിൽ 0.73 ശതമാനമായി വർധിച്ചിട്ടുണ്ട്. ടെർമിനൽ രണ്ടിൽ മണിക്കൂറിൽ 9,600 ബാഗുകളും ടെർമിനൽ ഒന്നിൽ മണിക്കൂറിൽ 4,800 ബാഗുകളും കൈകാര്യം ചെയ്യുന്ന 8 കിലോമീറ്റർ ബാഗേജ് ബെൽറ്റാണ് മുംബൈ വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിനുള്ളത്.

നിരോധിത വസ്തുക്കളില്‍ ചിലത്:
ഉണങ്ങിയ തേങ്ങ (കൊപ്ര), പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാര്‍, എണ്ണമയമുള്ള ഭക്ഷണ സാധനങ്ങള്‍, ഇ സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്പ്രേ കുപ്പികള്‍

Post a Comment

0 Comments