കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടി. തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം. വി.കെ. പ്രസന്ന (32) യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.[www.malabarflash.com]
ബുധനാഴ്ച 2.30 ഓടെയാണ് പ്രദേശത്തെ നടുക്കിയ സംഭവം നടന്നത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഷാജിയും പ്രസന്നയും ഒരു വര്‍ഷമായി രണ്ട് വീടുകളിലാണ് താമസിക്കുന്നത്. പ്രസന്നയും മൂന്ന് മക്കളും അവരുടെ വീടായ കണ്ണൂര്‍ ചെക്കിക്കുളത്തെ വീട്ടിലായിരുന്നു താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷമായി. പള്ളിക്കുടിയന്‍ ഷാജി വെമ്മരടി കോളനിയിലാണ് താമസിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ പ്രസന്ന ചെക്കികുളത്തെ വീട്ടില്‍നിന്ന് കാങ്കോല്‍ വെമ്മരടി കോളനിയിലെ വീട്ടില്‍ എത്തിയിരുന്നു.
കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കുവാനും വെമ്മരടി കോളനിയിലെ ഒരു കല്യാണപരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കോളനി പ്രദേശത്തുള്ളവര്‍ എല്ലാവരും കല്യാണ വീട്ടിലായിരുന്നപ്പോള്‍ ഷാജി ഉച്ചക്ക് 2.15 ഓടെ വീട്ടിലേക്ക് പോയിരുന്നു. ആ സമയത്ത് ഭാര്യയും വീട്ടില്‍ എത്തി. കല്യാണവീട്ടിലെ ശബ്ദവും അയല്‍ വീടുകളിലുള്ളവരെല്ലാം കല്യാണപരിപാടിയിലായിരുന്നതിനാലും കൊലപാതകം നടക്കുമ്പോള്‍ ആരും കണ്ടിരുന്നില്ല. കൊല നടത്തിയ ഷാജി മോട്ടോര്‍ സൈക്കിളില്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തി താനാണ് കൊല നടത്തിയതെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി, കെ.ഇ.പ്രേമചന്ദ്രന്‍, പയ്യന്നൂര്‍ സി.ഐ, മെല്‍വിന്‍ ജോസ്, പെരിങ്ങോം സി.ഐ, പി.സുഭാഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
ചെക്കിക്കുളത്തെ വെള്ളകുടിയന്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകളാണ് പ്രസന്ന. മക്കള്‍: ജനഷ (മൂന്നാം ക്ലാസ് വിദ്യാഥിനി), പാര്‍ത്ഥിവ് ശിവ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി), ശിവദര്‍ശിഖ് (അങ്കണവാടി വിദ്യാര്‍ഥി). സഹോദരങ്ങള്‍: മധുസൂദനന്‍,സുരേഷ്, ബാബു, അനീഷ്, പ്രസീത.
0 Comments