ടെല്‍ അവീവ്: ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഹിസ്ബുള്ള യുദ്ധത്തില്‍ ഹമാസിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രയേലിനെയാകെ പ്രകമ്പനം കൊള്ളിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീർ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.[www.malabarflash.com]
ഇസ്രയേലിനെതിരായ യുദ്ധത്തില്‍ സമയമാകുമ്പോള്‍ ഹമാസിനൊപ്പം ചേരാന്‍ പൂര്‍ണസജ്ജമാണെന്ന് ഇറാന്‍ പിന്തുണയുള്ള ലെബനന്‍ സായുധസേന ഹിസ്ബുള്ള അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിനു മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയത്.
ഹിസ്ബുള്ളയുടെ തലവന്‍ സയേദ് ഹസന്‍ നസ്രല്ലയുമായി കൂടിക്കാഴ്ച നടത്തിയതായും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഹിസ്ബുള്ള ആസൂത്രണം ചെയ്യുന്ന പദ്ധതികളെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഹിസ്ബുള്ള സ്വീകരിക്കുന്ന ഓരോ ചുവടുകളും ഇസ്രയേലിൽ ഭീമമായ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. യുദ്ധത്തെ മുറുകെപിടിക്കുന്ന കുറ്റവാളികളോടും ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരോടും ഈ യുദ്ധം അവസാനിപ്പിക്കുകയാണ് നല്ലതെന്ന മുന്നറിയിപ്പാണ് എനിക്ക് നല്‍കാനുള്ളത്, ഹുസൈന്‍ അമീർ അബ്ദുല്ലാഹിയാന്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ യു.എന്‍. അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇനിയും അവസരമുണ്ടെന്നും സമയം വൈകുന്തോറും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ഹുസൈന്‍ അമീർ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.
0 Comments