ബെംഗളൂരു: ബെംഗളൂരുവിലെ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയ ചടങ്ങുകൾ, റാലികൾ, ഉത്സവങ്ങൾ, ഘോഷയാത്രകൾ, വിവാഹ ചടങ്ങുകൾ എന്നിവയിൽ പടക്കം പൊട്ടിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.[www.malabarflash.com]
ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി മാർഗനിർദേശങ്ങൾ പരാമർശിച്ച സിദ്ധരാമയ്യ, അതു പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണമെന്നും വ്യക്തമാക്കി.
എക്‌സ്‌പ്ലോസീവ് ആക്ടിലെ വ്യവസ്ഥകളും ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിനുള്ള സുപ്രീം കോടതി മാർഗനിർദേശങ്ങളും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ അനുവദിക്കൂവെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.
‘‘നമ്മുടെ സംസ്ഥാനത്ത് ഭാവിയിൽ ഹരിത പടക്കങ്ങൾ മാത്രമേ അനുവദിക്കൂ. മലിനീകരണമോ വാഹനങ്ങൾക്ക് കേടുപാടുകളോ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മുൻകരുതൽ നടപടിയെന്ന നിലയിൽ, ഘോഷയാത്രകൾക്കും ദീപാവലിക്കും ഇത് നടപ്പിലാക്കും’’– അദ്ദേഹം പറഞ്ഞു.
ബെംഗളൂരു അർബൻ ജില്ലയിലെ അതിർത്തി പട്ടണമായ അത്തിബെലെയിലെ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചിരുന്നു. വരാനിരിക്കുന്ന ദസറ, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്താണ് ഗോഡൗണിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ആനേക്കൽ തഹസിൽദാർ, അധികാരപരിധിയിലുള്ള പോലീസ് ഇൻസ്‌പെക്ടർ, റീജിയനൽ ഫയർ ഓഫിസർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ സിദ്ധരാമയ്യ ഉത്തരവിട്ടു.
0 Comments