NEWS UPDATE

6/recent/ticker-posts

ഉടമ ഗൾഫിലായ സമയത്ത് മറ്റൊരാളെ എത്തിച്ച് വസ്തു രജിസ്റ്റർ ചെയ്ത് പോക്കുവരവ് നടത്തി; വില്ലേജ് ഓഫീസര്‍ ജയിലില്‍

പത്തനംതിട്ട: ആൾമാറാട്ടം നടത്തി രജിസ്റ്റർ ചെയ്തവസ്തു പോക്കുവരവ് ചെയ്യുന്നതിന് ഒത്താശ ചെയ്തു കൊടുത്ത കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ. പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പിനെയാണ് മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചത്. തടവിന് പുറമെ 25,000 രൂപ പിഴയും ഇയാള്‍ ഒടുക്കണമെന്ന് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.[www.malabarflash.com]


2005ൽ ഒരു വസ്തു പോക്കുവരവ് ചെയ്തുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ വിധി. സജിദ ഹബീബുള്ള എന്ന വ്യക്തിയുടെ പേരില്‍ പത്തനംതിട്ട വില്ലേജിൽ പത്തനംതിട്ട റിംഗ് റോഡിൽ പെട്ട 24 സെന്റ് വസ്തുവിന്റെ പോക്കുവരവ് ചെയ്തതിലാണ് നടപടി. യഥാർത്ഥ ഉടമയായിരുന്ന സജിദ ഹബീബുള്ള വിദേശത്തായിരുന്ന സമയത്ത് സബീന എന്ന സ്ത്രീയെ ഉടമയെന്ന വ്യാജേന പത്തനം തിട്ട സബ് രജിസ്റ്റാർ മുമ്പാകെ ഹാജരാക്കി ആധാരം ചെയ്തു. തുടർന്ന് അന്ന് പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പ് വസ്തു പോക്കു വരവ് ചെയ്ത് നൽകുകയായിരുന്നു.

ഈ സംഭവത്തില്‍ വിജിലൻസ് പത്തനംതിട്ട യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി സോമൻ കുറുപ്പിനെ മൂന്ന് കൊല്ലം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും മറ്റൊരു പ്രതിയായ സബീനയ്ക്ക് മൂന്ന് വർഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിക്കുകയായിരുന്നു.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ വി.അജിത്ത്, വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മേധാവിയായിരിക്കെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി, ഡി.വൈ.എസ്.പി പി.ഡി രാധാകൃഷ്ണപിള്ള കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എ.ആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Post a Comment

0 Comments