ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 45 പേരുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജൂബിലി ഹില്‍സില്‍നിന്നാണ് അദ്ദേഹം മത്സരിക്കുക.[www.malabarflash.com]
മുന്‍ എംപി മധു ഗൗഡ് യാക്ഷി ലാല്‍ബഹാദൂര്‍ നഗറില്‍നിന്നും പൊന്നം പ്രഭാകര്‍ ഹസ്‌നാബാദില്‍നിന്നും മത്സരിക്കും. കാന്‍ഡി ശ്രീനിവാസ് റെഡ്ഡി (ആദിലാബാദ്), തുമ്‌ല നാഗേശ്വര്‍ റാവു (ഖമ്മം), കെ. രാജഗോപാല്‍ റെഡ്ഡി (മുനുഗോഡ്) എന്നിവരും പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖരാണ്.
119 മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. 19 മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാന്‍ ബാക്കിയുണ്ട്. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയോടെ കോണ്‍ഗ്രസ് ആകെ നൂറ് സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു.
തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും എംപിയുമായ എ. രേവന്ത് റെഡ്ഡി, മുന്‍ ടിപിസിസി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യ പട്ടികയില്‍ 17 പേരും റെഡ്ഡി സമുദായത്തില്‍പ്പെട്ടവരായിരുന്നു.
നവംബര്‍ 30-നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റില്‍ തന്നെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച ബി.ആര്‍.എസ്സിന് സംസ്ഥാനത്ത് നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിനുണ്ടാകുന്ന കാലതാമസം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
0 Comments